താരാരാധനയിൽ എന്നും മുന്നിലാണ് ക്രിക്കറ്റ്. പ്രത്യേകിച്ച് ഇന്ത്യൻ ആരാധകരെ സംബന്ധിച്ചിടത്തോളം. ക്രിക്കറ്റിനെ ഒരു മതമായും സച്ചിനെ ദൈവമായും കാണുന്ന ആരാധക കൂട്ടായ്മ. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാലും ഇത് കാലങ്ങളായി തുടരുന്ന രീതിയാണെന്നും മനസിലാക്കാം.

സുനിൽ ഗവാസ്കർ മുതൽ കപിൽ ദേവ് വരെ. സച്ചിൻ ടെൻഡുൽക്കർ മുതൽ എംഎസ് ധോണി വരെ. ക്യാമറകണ്ണുകളും ആരാധകരും എപ്പോഴും പിന്തുടരുന്ന താരങ്ങൾ. നിലവിലെ നായകൻ വിരാട് കോഹ്‌ലിയും ഈ പട്ടികയിൽ ഒട്ടും പിന്നിലല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്‌ലി. ദേശീയ ക്രിക്കറ്റിലെത്തിയ നാൾ മുതൽ ആരാധകരുടെ എണ്ണം വർധിപ്പിച്ചു വരുന്ന താരമാണ് വിരാട് കോഹ്‌ലി. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കോഹ്‌ലിയ്ക്ക് ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് കോഹ്‌ലിയുടെ ബ്രാൻഡ് മൂല്യം 237.5 ദശലക്ഷമാണ്. ഇന്ത്യൻ ജനസംഖ്യയുടെ ഇരട്ടി.

Also Read: കൈയിൽ കുഞ്ഞുവാവയുമായി സിവ; കണ്മണി ആരുടെതെന്നു ധോണിയോട് ആരാധകർ

ഇത് ശരിവയ്ക്കുകയാണ് അടുത്തിടെ പുറത്ത് വന്ന ഇന്റര്‍നെറ്റില്‍ തിരയപ്പെട്ടവരുടെ കണക്കുകള്‍. 2020 ജനുവരി മുതൽ വർഷത്തിന്റെ പകുതി പിന്നിടുമ്പോൾ 16.2 ലക്ഷം തവണയാണ് ‘വിരാട് കോഹ്‌ലി’ എന്ന പേര് ഇന്റർനെറ്റിൽ തിരയപ്പെട്ടത്. ‘മെൻ ഇൻ ബ്ലൂ’ എന്ന് 2.4 ലക്ഷം തവണയും തിരയപ്പെട്ടു. പട്ടികയിലെ ആദ്യ മൂന്ന് പേരുകളും ഇന്ത്യൻ താരങ്ങൾ തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്. വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമയും മുൻ നായകൻ എംഎസ് ധോണിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്.

രോഹിത് ശർമ 9.7 ലക്ഷം തവണയും എംഎസ് ധോണി 9.4 തവണയും തിരയപ്പെട്ടപ്പോൾ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ കൂടി ഉൾപ്പെട്ടു. ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും സച്ചിനെ ആളുകൾ തിരഞ്ഞത് 5.4 ലക്ഷം തവണയാണ്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ അന്വേഷിച്ച് വെബ് ലോകത്ത് 6.7 ലക്ഷം തവണ ആളുകൾ എത്തിയപ്പോൾ ശ്രേയസ് അയ്യർ 3.4 ലക്ഷം തവണ തിരയപ്പെട്ടു.

Also Read: IPL 2020: കോഹ്‌ലിയെ ടീമിലെത്തിക്കാൻ തയ്യാറാണെന്ന് രാജസ്ഥാൻ റോയൽസ്; ഒരു കണ്ടീഷൻ

പന്ത്രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ വനിതാ താരം സ്മൃതി മന്ദാനയാണ്. ആദ്യ 20ൽ ഇടം പിടിച്ചത് രണ്ട് വനിതാ താരങ്ങൾ മാത്രമാണ്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ എലിസി പെരി 20-ാം സ്ഥാനത്താണ്. ടീമുകളിൽ ഇന്ത്യയ്ക്ക് പിന്നിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook