ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഓൺലെെൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിൽ അഭിനയിച്ചതിനെതിരെയാണ് ഹർജി. കോഹ്‌ലിക്കു പുറമേ നടി തമന്ന ഭാട്ടിയയെയും അറസ്റ്റ് ചെയ്യണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

മദ്രാസ് ഹെെക്കോടതിയിൽ ഒരു അഭിഭാഷകൻ തന്നെയാണ് കോഹ്‌ലിക്കും തമന്നയ്‌ക്കുമെതിരെ ഹർജി ഫയൽ ചെയ്‌തിരിക്കുന്നത്. ഇന്ത്യയിൽ ചൂതാട്ടം ക്രിമിനൽ കുറ്റമാണെന്നും ചൂതാട്ടത്തിലൂടെ പണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ എ.പി.സൂര്യപ്രകാശമാണ് ഹർജി ഫയൽ ചെയ്‌തിരിക്കുന്നത്. ഓണ്‍ലൈന്‍ ചൂതാട്ട ആപ്പുകള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ട്, നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി റിയ

പ്രശസ്‌ത താരങ്ങൾ ഓൺലെെൻ ചൂതാട്ടത്തിനു പ്രോത്സാഹിപ്പിക്കുകയാണെന്നും പണം സമ്പാദിക്കാമെന്നു കരുതി പലരും ഈ കെണിയിൽ പെട്ടുപോകുകയാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. കോഹ്‌ലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ യുവാക്കളെ സ്വാധീനിച്ച് ചൂതാട്ടത്തിന് പ്രേരിപ്പിക്കുകയാണെന്നും അതിനാല്‍ ഈ രണ്ട് താരങ്ങളെയും അറസ്റ്റ് ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു. വാദം കേള്‍ക്കാനായി ഹര്‍ജി ചൊവ്വാഴ്‌ചത്തേക്ക് മാറ്റിയിട്ടുണ്ട്.

Horoscope Today August 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഒരു യുവാവ് ജീവനൊടുക്കിയ സംഭവം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ സംഭവവും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. ഇതൊരു ഗുരുതര സ്ഥിതിവിശേഷമാണെന്നും എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന് കരുതി യുവാക്കൾ ഈ കെണിയിൽ വീഴുകയാണെന്നും ഹർജിക്കാരൻ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook