പ്രിയപ്പെട്ട വളർത്തുനായയുടെ വിടപറച്ചിൽ താങ്ങാനാകാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. കഴിഞ്ഞ 11 വർഷമായി കോഹ്ലിക്കൊപ്പമുണ്ടായിരുന്ന ബ്രൂണോ എന്ന വളർത്തുനായ വിടപറഞ്ഞ വിവരം താരം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ബ്രൂണോയ്ക്ക് നിത്യശാന്തി നേരുന്നതായി കോഹ്ലി പറഞ്ഞു. വളർത്തുനായക്കൊപ്പമുള്ള ചിത്രവും ഇന്ത്യൻ നായകൻ പങ്കുവച്ചിട്ടുണ്ട്. കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും ബ്രൂണോയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ബ്രൂണോയുടെ ചിത്രത്തിനൊപ്പം വികാര നിർഭരമായൊരു കുറിപ്പാണ് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
Read Also: എന്തിനാ സഖാവേ ഇത്ര നേരത്തെ പോയത്; നായനാരുടെ ഓർമ പങ്കുവച്ച് സുരേഷ് ഗോപി
‘പ്രിയപ്പെട്ട ബ്രൂണോ നിനക്ക് നിത്യശാന്തി നേരുന്നു. കഴിഞ്ഞ 11 വർഷം ഞങ്ങളുടെ ജീവിതം സ്നേഹം കൊണ്ട് നിറച്ച നീ ഒരായുസിന്റെ ബന്ധം സ്ഥാപിച്ചാണ് ഇപ്പോൾ വിടപറയുന്നത്. നീ ഇപ്പോൾ പോയിരിക്കുന്നത് കൂടുതൽ നല്ല സ്ഥലത്തേക്കാണ്. അവന്റെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ’ വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ബ്രൂണോയ്ക്ക് നിത്യശാന്തി നേർന്ന് അനുഷ്കയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.
വിരാട് കോഹ്ലിക്കും തനിക്കുമൊപ്പം ബ്രൂണോ ഇരിക്കുന്ന ചിത്രമാണ് അനുഷ്ക പങ്കുവച്ചത്. ലോക്ക്ഡൗണ്‍ ആയതിനാൽ കോഹ്ലിയും അനുഷ്കയും വീട്ടിൽ തന്നെയാണ്. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും വീടുകളിൽ സുരക്ഷിതരായി ഇരിക്കണമെന്നും താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.