ഓസ്ട്രേലിയൻ പര്യടനത്തിൽ നേട്ടങ്ങൾ കൊയ്താണ് ഇന്ത്യൻ ടീം മടങ്ങുന്നത്. ഓസീസ് മണ്ണിൽ ആദ്യമായൊരു ടെസ്റ്റ് പരമ്പര എന്ന നേട്ടം കൈവരിച്ച വിരാട് കോഹ്‌ലിയുടെ ടീം ഏകദിന പരമ്പരയും സ്വന്തമാക്കിയാണ് മടങ്ങുന്നത്. ഓസീസ് മണ്ണിൽനിന്നും മടങ്ങും മുൻപേ 2019 ലെ ഗ്രാൻഡ് സ്ലാം മത്സരങ്ങൾ കാണാൻ കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമ്മയുമെത്തി.

മെൽബൺ പാർക്കിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പൺ മത്സരമാണ് ഇരുവരും കാണാനെത്തിയത്. ഇതിഹാസ താരം റോജർ ഫെഡററെ ഇരുവരും നേരിൽ കാണുകയും ചെയ്തു. തുടർച്ചയായ മൂന്നാം ഗ്രാൻഡ് സ്ലാം ലക്ഷ്യമിട്ടാണ് ഫെഡറർ ഇക്കുറി ഇറങ്ങുന്നത്.

Read: പരമ്പര നേട്ടത്തിന് പിന്നാലെ കോഹ്‍ലിക്കും ഇന്ത്യൻ ടീമിനും അനുഷ്കയുടെ സന്ദേശം

മത്സരത്തിന്റെയും ഫെഡറർക്കൊപ്പമുള്ള ചിത്രവും കോഹ്‌ലി തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. കോഹ്‌ലിക്കൊപ്പമുള്ള ചിത്രമാണ് അനുഷ്ക ട്വീറ്റ് ചെയ്തത്. മെൽബണിൽ നടന്ന അവസാന ഏകദിനത്തിൽ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. മത്സരത്തിൽ വിജയിച്ച വിരാട് കോഹ്‌ലിയെയും ഇന്ത്യൻ ടീമിനെയും അനുഷ്ക ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു.

അടുത്തതായി ന്യൂസിലൻഡ് പര്യടനത്തിനാണ് ഇന്ത്യ പോകുന്നത്. അഞ്ചു ഏകദിനങ്ങളും മൂന്നു ട്വന്റി ട്വന്റി മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ജനുവരി 23 നാണ് ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ഏകദിനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook