അനിൽ കുംബ്ലെ-വിരാട് കോഹ്ലി പോരിനെക്കുറിച്ച് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ”കുംബ്ലെയും കോഹ്ലിയും തമ്മിലുളള പ്രശ്നം കൈകാര്യം ചെയ്തത് ആരായാലും ശരിയായില്ല. കുറച്ചുകൂടി നല്ല രീതിയിൽ വിഷയം കൈകാര്യം ചെയ്യാമായിരുന്നെന്നും” ഗാംഗുലി പറഞ്ഞു. ഒത്തുപോകാനാവില്ലെന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെയാണ് പരിശീലക സ്ഥാനം ഒഴിയാൻ അനിൽ കുംബ്ലെ തയാറായത്. കുംബ്ലെയുമായി യോജിച്ചു പോകാൻ സാധിക്കില്ലെന്ന് കോഹ്ലി നിലപാടെടുക്കുകയും ടീമിലെ പലരും കോഹ്ലിക്കൊപ്പം ചേർന്നതോടെ കുംബ്ലെ രാജി വയ്ക്കുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി അപേക്ഷ നൽകയതിനെക്കുറിച്ചും ഗാംഗുലി പ്രതികരിച്ചു. ”അപേക്ഷ സമർപ്പിക്കുവാനുളള അവകാശം എല്ലാവർക്കും ഉണ്ട്. എനിക്കും അപേക്ഷിക്കാം. കാരണം ഞാൻ അഡ്മിനിസ്ട്രേറ്ററല്ല”.
അനിൽ കുംബ്ലെ രാജിവച്ച സാഹചര്യത്തിൽ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ശാസ്ത്രി തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത മാസം ഒൻപതു വരെ ബിസിസിഐ നീട്ടിയിരുന്നു. അപേക്ഷ നൽകിയാൽ പരിശീലകനാക്കാമെന്ന ഉറപ്പ് ബിസിസിഐയിലെ ഒരു വിഭാഗം ശാസ്ത്രിക്കു നൽകിയതായാണു സൂചന. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മൺ എന്നിവരുൾപ്പെട്ട ബിസിസിഐ ഉപദേശക സമിതി ശാസ്ത്രിയെ നീക്കിയാണു കഴിഞ്ഞ വർഷം കുംബ്ലെയെ പരിശീലകനാക്കിയത്.