scorecardresearch

മലയാളികളോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

കാണികളുടെ പെരുമാറ്റത്തില്‍ കോഹ്‌ലി ക്ഷുഭിതനാണെന്ന് ശരീരഭാഷയില്‍ നിന്ന് മനസിലാക്കാം

മലയാളികളോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

കാര്യവട്ടം ടി20 യില്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ട ഇന്ത്യയ്ക്ക് നേരെ ഏറെ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. സഞ്ജു സാംസണ് അവസരം നല്‍കാത്തതില്‍ മലയാളികള്‍ക്കും വലിയ പരാതിയുണ്ട്. ഇതിനിടയിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മലയാളി കാണികളോട് ദേഷ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. മത്സരത്തിനിടെ കാണികളില്‍ നിന്നുണ്ടായ പ്രതികരണം വിരാട് കോഹ്‌ലിയെ ചൊടിപ്പിച്ചു. കാണികള്‍ക്ക് മറുപടി നല്‍കാനും കോഹ്‌ലി മറന്നില്ല.

Read Also: ‘സച്ചിന്‍…സച്ചിന്‍’ അല്ല, ഇത് ‘സഞ്ജു…സഞ്ജു’; ആവേശം ഈ വീഡിയോ

മത്സരത്തിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് ക്യാച്ച് നഷ്ടപ്പെടുത്തി. ഇത് കണ്ട കാണികള്‍ ‘ധോണി…ധോണി’ എന്ന് വിളിച്ചുകൂവാന്‍ തുടങ്ങി. മലയാളികളായിരുന്നു ഭൂരിഭാഗവും. ധോണിക്ക് ജയ് വിളിക്കുന്ന കാണികളെ നോക്കി കോഹ്‌ലി ദേഷ്യപ്പെട്ടു. ശബ്ദം താഴ്ത്തി ജയ് വിളിക്കാനും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് പന്ത് ആണെന്നും കോഹ്‌ലി ആംഗ്യം കാണിക്കുന്നുണ്ട്. അതോടൊപ്പം കോഹ്‌ലി മറ്റെന്തോ ദേഷ്യപ്പെട്ട് പറയുന്നുമുണ്ട്. പന്തിന് പിന്തുണ നല്‍കൂ എന്നാണ് കോഹ്‌ലി ഉദ്ദേശിച്ചത്.

Read Also: സഞ്‌ജുവിനെ ഇടിയ്‌ക്കാൻ കയ്യോങ്ങി ശാസ്ത്രി; വിവരമറിയുമെന്ന് ആരാധകര്‍, വീഡിയോ

കുറച്ച് കഴിഞ്ഞപ്പോള്‍ കാണികള്‍ കളിക്കാനിറങ്ങാത്ത സഞ്ജുവിനായി ജയ് വിളിക്കാന്‍ തുടങ്ങി. ഇതും കോഹ്‌ലിയെ പ്രകോപിപ്പിച്ചു. ബൗണ്ടറി ലൈനിനരികെയാണ് കോഹ്‌ലി ഫീല്‍ഡ് ചെയ്യാന്‍ നിന്നിരുന്നത്. കാണികളുടെ പെരുമാറ്റത്തില്‍ കോഹ്‌ലി ക്ഷുഭിതനാണെന്ന് ശരീരഭാഷയില്‍ നിന്ന് മനസിലാക്കാം. ‘സഞ്ജു..സഞ്ജു’ എന്ന് വിളിക്കുന്നവരെ നോക്കി ഇന്ത്യയ്ക്ക് വേണ്ടി പിന്തുണ നല്‍കുകയല്ലേ വേണ്ടതെന്നും കോഹ്‌ലി ചോദിക്കുന്നുണ്ട്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

സഞ്ജുവിനെ കളിക്കാന്‍ ഇറക്കാത്തതിലുള്ള പ്രതിഷേധമാണ് കാണികള്‍ നടത്തിയതെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍, മലയാളി കാണികളുടെ പ്രതിഷേധം മോശമായിപ്പോയെന്നും ഇന്ത്യ കളിക്കുമ്പോള്‍ മുഴുവന്‍ ടീമിനാണ് പിന്തുണ നല്‍കേണ്ടതെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. എന്നാൽ കോഹ്‌ലി മലയാളി കാണികളെ അസഭ്യം പറഞ്ഞതാണെന്നും ചിലർ പറയുന്നുണ്ട്.

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1 സമനിലയിലായി. ആദ്യ ടി20 യില്‍ ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചത്. രണ്ടാം ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 170 റണ്‍സാണ് നേടിയത്. 171 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ എട്ട് വിക്കറ്റ് ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Virat kohli angry with malayalee audience karyavattom t20 match