മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് ശേഷം അംപയര്‍മാരോട് രോഷം പ്രകടിപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. മുംബൈയും ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിലാണ് വിവാദം. മത്സരത്തിലെ അവസാന പന്തില്‍ നോ ബോള്‍ വിളിക്കാതിരുന്നതിനാണ് ബാംഗ്ലൂര്‍ നായകന്‍ അംപയര്‍മാരോട് പൊട്ടിത്തെറിച്ചത്.

Read More: ഡി വില്ല്യേഴ്സിനും രക്ഷിക്കാനായില്ല; അവസാന പന്തിൽ മുംബൈയോട് കീഴടങ്ങി ബാംഗ്ലൂർ

മത്സരത്തിന്റെ അവസാന ഓവറിലാണ് സംഭവം. അവസാന ഓവറില്‍ ഒരു പന്ത് മാത്രം ബാക്കിനില്‍ക്കെ ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്. മുംബൈയുടെ ലസിത് മലിംഗയാണ് അവസാന ഓവര്‍ എറിഞ്ഞത്. മലിംഗയുടെ അവസാന പന്ത് നോ ബോള്‍ ആയിരുന്നു. ആ പന്തില്‍ ഒരു റണ്‍സ് എടുക്കാനേ ബാംഗ്ലൂരിന് സാധിച്ചുള്ളൂ. പന്ത് നോ ബോള്‍ ആയിരുന്നെങ്കിലും അംപയര്‍മാര്‍ വിളിച്ചില്ല. അംപയര്‍മാരില്‍ ആരും ആ പിഴവ് ശ്രദ്ധിക്കാതിരുന്നതാണ് അതിന് കാരണം.

നോ ബോള്‍ ശ്രദ്ധിക്കാതിരുന്ന അംപയര്‍മാര്‍ക്കെതിരെ മത്സരശേഷം കോഹ്‌ലി രംഗത്തുവന്നു. തങ്ങള്‍ കളിക്കുന്നത് ഐപിഎല്‍ തലത്തിലുള്ള ക്രിക്കറ്റാണെന്നും ക്ലബ് ക്രിക്കറ്റ് അല്ലെന്നും മത്സരശേഷം കോഹ്‌ലി പ്രതികരിച്ചു. അംപയര്‍മാര്‍ കണ്ണ് തുറന്നിരിക്കണം. അംപയര്‍മാര്‍ കൂടുതല്‍ ശ്രദ്ധയോടെ വേണം കളിക്കളത്തില്‍ നില്‍ക്കാന്‍. ചെറിയ മാര്‍ജിനില്‍ നഷ്ടമാകുന്ന മത്സരങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാവില്ലെന്നു കോഹ്‌ലി തുറന്നടിച്ചു.

മുന്‍ ക്രിക്കറ്റ് താരങ്ങളും ഇതിനെതിരെ രംഗത്തുവന്നു. പൊറുക്കാനാവാത്ത തെറ്റ് എന്നായിരുന്നു മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. അവസാന പന്ത് നോ ബോള്‍ അനുവദിച്ചിരുന്നെങ്കില്‍ മത്സരത്തിന്റെ ഫലം തന്നെ മാറുമെന്നായിരുന്നു മുന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook