ന്യൂഡൽഹി: വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യൻ ടീമിന് ഐസിസി ടൂർണമെന്റുകൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. തന്റെ 400 റൺസെന്ന ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത റെക്കോർഡ് തകർക്കാൻ കഴിയുന്ന മൂന്ന് താരങ്ങളെയും ലാറ തിരഞ്ഞെടുത്തു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി, ഓസിസ് താരം ഡേവിഡ് വാർണർ, ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ എന്നിവരാണ് ഈ കാലഘട്ടത്തിൽ തന്റെ റെക്കോർഡ് തകർക്കാൻ സാധിക്കുന്ന ബാറ്റ്സ്മാന്മാരെന്നാണ് ലാറയുടെ പക്ഷം.

“കളിക്കുന്ന എല്ലാ ടൂർണമെന്റുകളിലും വിജയിക്കാൻ ഇന്ത്യൻ ടീമിന് തീർച്ചയായും കഴിയുമെന്ന് ഞാൻ കരുതുന്നു. ഒരു ടൂർണമെന്റിൽ ഇന്ത്യയ്‌ക്കെതിരായി സുപ്രധാന മത്സരം കളിക്കുമെന്ന് മറ്റ് ടീമുകൾക്ക് അറിയാം, അത് ക്വർട്ടർ ഫൈനലോ സെമിഫൈനലോ ഫൈനലോ ആകും, “ലാറ പറഞ്ഞു.

Also Read: ടി20 ലോകകപ്പും ഏഷ്യ കപ്പുമടക്കം വലിയ ടൂർണമെന്റുകൾ; 2020ൽ ഇന്ത്യയ്ക്ക് തിരക്കിട്ട ഷെഡ്യൂൾ

2004ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ലാറയുടെ 400 റൺസ് ഇന്നിങ്സ്. ലാറയുടെ ആ റെക്കോർഡ് തകർക്കാൻ ഒന്നര പതിറ്റാണ്ടിന് ശേഷവും ആർക്കും സാധിച്ചട്ടില്ല. എന്നാൽ കോഹ്‌ലിക്കും രോഹിത്തിനും വാർണറിനും അതിന് സാധിക്കും. നാലാം നമ്പരിൽ കളിക്കുന്നതിനാൽ സ്റ്റീവ് സ്മിത്തിന് ഒരുപക്ഷെ അതിന് സാധിച്ചുവെന്ന് വരില്ലെന്നും ലാറ വ്യക്തമാക്കി.

Also Read: ഞെട്ടിച്ചു കളഞ്ഞല്ലോ നീ; മോതിരമാറ്റം നടത്തിയ പാണ്ഡ്യയോട് കോഹ്‌ലി

ഐസിസി ചാംപ്യൻസ് ട്രോഫി 2013ൽ ധോണിയുടെ കീഴിൽ നേടിയതിന് ശേഷം ഒരു ഐസിസി ടൂർണമെന്റിൽ പോലും കിരീടമുയർത്താൻ ഇന്ത്യൻ ടീമിന് സാധിച്ചട്ടില്ല. ഈ വർഷം നടക്കുന്ന ടി20 ലോകകപ്പ് കോഹ്‌ലിക്ക് കീഴിൽ ഇന്ത്യ നേടുമെന്നാണ് എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയയിൽ ഒക്ടോബറിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook