ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യം തുടരുകയാണ്. ബാറ്റിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ബോളിങ്ങിൽ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിർത്തി. ബാറ്റിങ്ങിൽ ഇന്ത്യയുടെ രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്ത്. ബോളിങ്ങിൽ പ്രധാനമായും നേട്ടമുണ്ടാക്കിയത് പാക്കിസ്ഥാന്റെ മുഹമ്മദ് അമീറാണ്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ അമീർ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം നമ്പരിലെത്തി. കരിയറിലെ മുഹമ്മദ് അമീറിന്റെ ഏറ്റവും ഉയർന്ന റാങ്കിങ്ങാണിത്.

Also Read: ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ കൂറ്റൻ സ്‌കോറുമായി ഇന്ത്യ; ബാറ്റിങ്ങിലും പ്രൊട്ടിയാസുകൾക്കു തകർച്ച

അതേസമയം, ടീം റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഏകദിന ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് തന്നെയാണ് 125 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ അക്കൗണ്ടിൽ 122 പോയിന്റാണ്. ന്യൂസിലൻഡിന് 112ഉം ഓസ്ട്രേലിയക്ക് 111ഉം പോയിന്റുകളാണുള്ളത്.

ബാറ്റിങ് നിരയിൽ 895 പോയിന്റുമായാണ് വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശർമ്മയ്ക്ക് 863 പോയിന്റുണ്ട്. പാക്കിസ്ഥാന്റെ ബാബർ (827 പോയിന്റ്), ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ് (820 പോയിന്റ്) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.

Also Read: സെഞ്ചുറിക്ക് പിന്നാലെ രോഹിത്തിന് പുതിയ പേരിട്ട് ഷൊയ്ബ് അക്തര്‍

ബോളിങ്ങിൽ 797 പോയിന്റുമായാണ് ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തുള്ളത്. ന്യൂസിലൻഡ് താരം ട്രെന്റ് ബോൾട്ട് 740 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബഡ മൂന്നാം സ്ഥാനത്തും ഓസിസ് താരം പാറ്റ് കമ്മിൻസ് നാലാം സ്ഥാനത്തുമാണ്.

ഓൾറൗണ്ടർമാരിൽ ഷാക്കിബ് അൽ ഹസനാണ് ഒന്നാം റാങ്കിൽ. ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സ് രണ്ടാം സ്ഥാനത്തും അഫ്ഗാൻ താരം മുഹമ്മദ് നബി മൂന്നാം സ്ഥാനത്തുമാണ്.

Read Here: എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook