ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ന്നു വരുന്ന ക്രിക്കറ്റ് സമ്പാദ്യത്തില്‍ നിന്നും ചെറുതല്ലാത്തൊരു പങ്ക് നല്‍കണമെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും സംഘവും. ഈ വര്‍ഷമാണ് മുന്‍നിര ക്രിക്കറ്റ് താരങ്ങളുടെ അടിസ്ഥാന വാര്‍ഷിക ശമ്പളം 3 ലക്ഷം ഡോളര്‍ (ഏകദേശം 2 കോടി രൂപ) ആക്കി ഉയര്‍ത്തിയത്.
എന്നാല്‍ വെളളിയാഴ്ച ബിസിസിഐയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യന്‍ സ്ക്വാഡ് കൂടുതല്‍ ശമ്പളം വേണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ബിസിസിഐയ്ക്ക് കൂടുതല്‍ വരുമാനം കിട്ടുന്നതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങള്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചത്. 2018 മുതല്‍ 2022 വരെയുളള ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണാവകാശം റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഇന്ത്യ ചാനലിന് ബിസിസിഐ നല്‍കിയിരുന്നു. ഈയിനത്തില്‍ 2.5 ബില്യണ്‍ ഡോളറാണ് ബിസിസിഐയ്ക്ക് ലഭിക്കുക.
സെപ്റ്റംബര്‍ 30ന് കളിക്കാരുമായുളള കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിരക്കുമായി താരങ്ങളെത്തിയത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ നിലവിലെ പരിശീലകനായ രവിശാസ്ത്രി, മഹേന്ദ്ര സിങ് ധോണി എന്നിവരും പ്രതിഫല വര്‍ധനവ് ആവശ്യപ്പെട്ട് രംഗത്തെത്തിയതായി ബിസിഐയിലെ ഉന്നത ഉദ്യോഗസ്ഥന് പ്രതികരിച്ചു.
നിലവില്‍ മൂന്ന് പ്രതിഫല നിരക്കാണ് ഇന്ത്യന്‍ താരങ്ങള്‍ക്കുളളത്. ഇതില്‍ ഏറ്റവും മുകളിലത്തെ നിരയിലാണ് വിരാട് കോഹ്ലിയുളളത്. പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി താരങ്ങള്‍ ബിസിസിഐ അഡ്മിനിസ്ട്രേറ്റര്‍ വിനോദ് റായിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. പ്രതിഫലക്കാര്യവും മത്സരങ്ങളുടെ ഷെഡ്യൂള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തും.
കഴിഞ്ഞ ദിവസം ബിസിസിഐക്കെതിരെ ഷെഡ്യൂളിന്റെ പേരില്‍ വിരാട് കോഹ്ലി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ വിവിധ മത്സരങ്ങളിൽ കളിക്കേണ്ടി വരുന്നത് കൊണ്ട് ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് മതിയായ വിശ്രമവും തയ്യാറെടുപ്പ് നടത്താനുള്ള സമയവും ലഭിക്കുന്നില്ലെന്നായിരുന്നു കോഹ്ലി പറഞ്ഞത്. ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരം കഴിഞ്ഞ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പരയ്ക്ക് ഒരുങ്ങേണ്ടതുണ്ട്. എന്നാൽ ഇതിനുള്ള തയ്യാറെടുപ്പിന് രണ്ട് ദിവസം മാത്രമാണ് സമയമുള്ളതെന്നും കോഹ്ലി ചൂണ്ടിക്കാട്ടി.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ പേസ് ബോളർമാരെ സഹായിക്കുന്ന പിച്ചൊരുക്കിയതുമായി ബന്ധപ്പെട്ടുയർന്ന ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് കോഹ്ലി ബിസിസിഐയെ വിമർശിച്ചത്, ‘ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മൽസരങ്ങൾക്കായി ബൗണ്സിങ് വിക്കറ്റ് തയാറാക്കാൻ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഈ പരമ്പരയ്ക്കു ശേഷം ഉടനെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടണം. അതിന് ഒരുങ്ങാൻ ടീമിന് ആകെ ലഭിക്കുന്നത് രണ്ടു ദിവസമാണ്. അതുകൊണ്ടുതന്നെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കിടെ അടുത്ത പരമ്പരയ്ക്കായി ഒരുങ്ങുകയേ നിർവാഹമുള്ളൂ’ കോഹ്ലി പറഞ്ഞു.