പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മൽസരത്തിലും ജയിച്ച ഇന്ത്യ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. 2001-02ലെ ത്രിരാഷ്ട്ര പരമ്പരയില്‍ കെനിയയോട് പോലും ഇന്ത്യ പരാജയപ്പെട്ട മൈതാനമായിരുന്നു പോര്‍ട്ട് എലിസബത്ത്. എന്നാല്‍ തേല്‍വികള്‍ മറന്ന് ഇന്ത്യ പോരാടിയപ്പോള്‍ ചരിത്രത്തിലേക്കായിരുന്നു ആ കുതിപ്പ്.
1992-93ലാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താനായി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുളള ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലെത്തിയത്. എന്നാല്‍ ഏഴ് മൽസരങ്ങളുളള പരമ്പരയില്‍ ഇന്ത്യയെ 2-5ന് പരാജയപ്പെടുത്തിയ ആതിഥേയര്‍ വിജയം പിടിച്ചെടുത്തു. രാഹുല്‍ ദ്രാവിഡും വിരേന്ദര്‍ സെവാഗും മാറി മാറി നായകസ്ഥാനം വഹിച്ച 2006-07ലെ പരമ്പരയിലും ഇന്ത്യ നാണം കെട്ടു. അന്ന് 0-4നാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക കെട്ടുകെട്ടിച്ചത്.
മഹേന്ദ്ര സിങ് ധോണിയുടെ കീഴില്‍ രണ്ട് തവണയും ഇന്ത്യയ്ക്ക് പരമ്പര നേടാനായില്ല. 2010-11ല്‍ 2-3നാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തേല്‍പ്പിച്ചത്. 2013-14ലാണ് ഇന്ത്യ അവസാനമായി പരമ്പര കൈവിട്ടത്. അന്ന് 2-0ത്തിന് ദക്ഷിണാഫ്രിക്ക ജയിച്ചു. എന്നാല്‍ കോഹ്‌ലിക്ക് കീഴില്‍ അഞ്ചാം ഏകദിനം ജയിച്ച ഇന്ത്യ ഏറ്റവും ശക്തമായ ടീമാണ് തങ്ങളെന്ന പട്ടം അരക്കിട്ട് ഉറപ്പിക്കുകയാണ് ചെയ്തത്. രോഹിത് ശര്‍മ്മയുടെ 115 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ 73 റണ്‍സിന്റെ ആധികാരിക വിജയം നേടിയത്.
7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 274 റൺസ് നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറിൽ 201 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 4 വിക്കറ്റ് നേടിയ കുൽദീപ് യാദവിന്റെയും 2 വിക്കറ്റ് വീതംനേടിയ ഹാർദ്ദിക് പാണ്ഡ്യയുടെയും യൂസ്‌വേന്ദ്ര ചാഹലിന്റെയും ബോളിങ്ങും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഒരു മൽസരം കൂടി ബാക്കിനിൽക്കേ 4-1ന്റെ ലീഡ് നേടിയാണ് കോഹ്‌ലിയും കൂട്ടരും ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യൻ സംഘമായത്.
ഒരുഘട്ടത്തിൽ ഇന്ത്യൻ സ്കോർ 300 ഉം കടന്ന് പറക്കുമെന്ന് കരുതിയെങ്കിലും അവസരോചിതമായി പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ യുവതാരം ലുങ്കി എൻഗിഡി സന്ദർശകരുടെ കുതിപ്പിന് കടിഞ്ഞാണിടുകയായിരുന്നു. എൻഗിഡി 4 വിക്കറ്റ് വീഴ്ത്തി. രോഹിതിനൊഴികെ മറ്റിന്ത്യൻ ബാറ്റ്സ്മാൻമാർക്ക് ആർക്കും മികച്ച സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല.
നിർണായക മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിതും ധവാനും മികച്ച തുടക്കം നൽകിയെങ്കിലും അമിതാവേശം ധവാനു വിനയായി. ഇന്ത്യൻ സ്കോർ 48ൽ എത്തിനിൽക്കേ റബാഡയുടെ പന്തിൽ പുൾഷോട്ടിനു ശ്രമിച്ച ധവാൻ (34) ഫെലുക്വോയ്ക്കു ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ കോഹ്‌ലിയും രോഹിതും ചേർന്ന് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 105 റണ്‍സ് കൂട്ടിച്ചേർത്തപ്പോൾ രോഹിതുമായുള്ള ആശയക്കുഴപ്പിൽ കോഹ്ലി (36) റണ്ണൗട്ടായി. പിന്നാലെ എത്തിയ രഹാനെ(8)യും രോഹിതുമായുണ്ടായ ആശയക്കുഴപ്പത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്തി പവലിയനിലേക്കു മടങ്ങി. ഇതിനുശേഷം ശ്രേയസ് അയ്യർക്കൊപ്പം ശ്രദ്ധയോടെ ബാറ്റു ചെയ്ത രോഹിത് 107 പന്തുകളിൽനിന്നു സെഞ്ചുറി തികച്ചു. 126 ബോളില്‍ നിന്ന് 115 റണ്‍സെടുത്ത രോഹിത് എന്‍ഗിഡിയുടെ പന്തില്‍ ക്ലാസന്‍ പിടിച്ച് പുറത്തായി.
മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കളം പിടിച്ചിട്ടുള്ളത്. പരുക്കേറ്റ ക്രിസ് മോറിസിന് പകരം തബ്രിസ് ഷംസി ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇടം നേടി. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ജയിച്ച ഇന്ത്യ നാലാം മൽരത്തില്‍ പരാജയപ്പെട്ടിരുന്നു.