മുംബൈ: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ അനുഗ്രഹം തേടിയവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയും. ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്‌റയും ഗുര്‍മീതിനെ കാണാൻ കോഹ്ലിയോടൊപ്പമുണ്ടായിരുന്നു. ഇരുവരും ഗുര്‍മീതിനെ സന്ദര്‍ശിച്ചതിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

നേരത്തെ കായികതാരങ്ങളുടെ വിജയത്തിന് പിന്നിലുള്ളത് തന്റെ ആശിര്‍വാദമാണെന്ന് ഗുര്‍മീത് പറഞ്ഞിരുന്നു. വിരാട് കോലി, ആശിഷ് നെഹ്‌റ, ശിഖര്‍ ധവാന്‍, ബോക്‌സര്‍ വിജേന്ദര്‍ സിങ്ങ് എന്നിവര്‍ തന്റെ കീഴില്‍ പരിശീലനം നേടിയതിനാലാണ് ഇന്ത്യയ്ക്ക് അഭിമാന വിജയം സമ്മാനിച്ചതെന്ന് ഗുര്‍മീത് അവകാശപ്പെട്ടിരുന്നു.

ഗുര്‍മീത് റാം റഹിം ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന നിരവധിയിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം ദേര സച്ച സൗദ ഹരിയാന ആസ്ഥാനത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഇതിന് പുറമേ സംഘർഷം ആദ്യം പൊട്ടിപ്പുറപ്പെട്ട സിർസയും ഇപ്പോൾ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കുരുക്ഷേത്രയിൽ ആശ്രമങ്ങൾ അടച്ചുപൂട്ടിയ സൈന്യം പതിയെ സംഘർഷബാധിത മേഖലകളുടെയെല്ലാം നിയന്ത്രണം ഏറ്റെടുക്കുകയാണ്.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവും കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയും പങ്കെടുത്ത യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി. കാര്യങ്ങൾ പൊതുവേ സമാധാനപരമാണെന്ന വിലയിരുത്തലാണ് യോഗം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ