ഓസ്ട്രേലിയയിലെ തിളക്കമാർന്ന ടെസ്റ്റ് വിജയത്തിൽ അജിങ്ക്യ രഹാനെയെ അഭിനന്ദിക്കുന്നുവെന്നും രഹാനെയുമായുള്ള ബന്ധം വിശ്വാസത്തിൽ അധിഷ്ഠിതമാണെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി.

നാല് ടെസ്റ്റുകളുള്ള ഓസീസ് പര്യടനത്തിൽ അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിനു ശേഷം കോഹ്‌ലി പിതൃത്വ അവധിയിൽ ഇന്ത്യയിലേക്ക് തിരിച്ചുവന്നിരുന്നു. തുടർന്നുള്ള മൂന്നു മത്സരങ്ങളും നയിച്ച രഹാനെയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 2-1ന് പരമ്പര നേടുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ കോഹ്ലി വീണ്ടും നായക സ്ഥാനത്തേക്ക് തിരിച്ചെത്തുകയാണ്. രഹാനെ വീണ്ടും വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചു പോവും.

“പിൻസീറ്റിലേക്ക് മാറുന്നതിൽ സന്തോഷമുണ്ട്” എന്ന് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള മാറ്റത്തെക്കുറിച്ച് ബുധനാഴ്ച രഹാനെ പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് രഹാനെയെക്കുറിച്ചും ഓസീസ് പര്യടനത്തിൽ ക്യാപ്റ്റനെന്ന നിലയിലുള്ള താരത്തിന്റെ പ്രകടനത്തെക്കുറിച്ചും കോഹ്ലി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Read More: അത് കോഹ്‌ലിയല്ല ! ടെസ്റ്റ് പരമ്പരയിൽ ഏറ്റവും വിലപ്പെട്ട ഇന്ത്യൻ വിക്കറ്റ് ആരുടേതെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് നായകൻ

“രഹാനെയും ഞാനും തമ്മിലുള്ള ബന്ധം മാത്രമല്ല, മുഴുവൻ ടീമും സഹപ്രവർത്തകർ തമ്മിലുള്ള ബന്ധവും വിശ്വാസത്തിൽ അധിഷ്ഠിതമാണ്, നാമെല്ലാവരും ഒരു ലക്ഷ്യത്തിനായി മാത്രം പ്രവർത്തിക്കുന്നു, അതായത് ഇന്ത്യയെ വിജയിപ്പിക്കുക എന്നതിനായി,” കോഹ്ലി പറഞ്ഞു.

“ഓസ്ട്രേലിയയിൽ തന്റെ ഉത്തരവാദിത്തം മികച്ച രീതിയിൽ അദ്ദേഹം നിറവേറ്റി, ടീമിനെ വിജയത്തിലേക്ക് നയിച്ചത് അതിശയകരമായിരുന്നു, അത് എല്ലായ്പ്പോഴും ഞങ്ങളുടെ ലക്ഷ്യമാണ്,” ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനു തലേദിവസം കോഹ്‌ലി ഒരു വെർച്വൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കളിക്കളത്തിന് പുറത്ത് രഹാനെയുമായുള്ള ബന്ധം തങ്ങളുടെ ഓൺ-ഫീൽഡ് ബന്ധത്തിന് സഹായകമാകുമെന്നും കോഹ്‌ലി പറഞ്ഞു.

Read More: ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ്: ന്യൂസിലൻഡ് ഫൈനലിൽ, എതിരാളികളായി ഇന്ത്യയെത്തുമോ ?

“ഞാനും ജിങ്ക്സും (അജിങ്ക്യ രഹാനെ), ഞങ്ങൾ എല്ലായ്പ്പോഴും പരസ്പരം ബാറ്റിംഗ് ആസ്വദിക്കുന്നു. ഞങ്ങൾ പരസ്പര ബഹുമാനം പങ്കിടുന്നതായി വ്യക്തമാണ്. ഫീൽഡിലും ആ ബോണ്ടിംഗ് ഉണ്ട്. ഞങ്ങൾ വളരെയധികം ചാറ്റുചെയ്യുന്നു, ആശയ വിനിമയം നടത്തുന്നു, ഇത് വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ബന്ധമാണ്,” കോഹ്ലി പറഞ്ഞു.

മികച്ച ഉപദേശം നൽകാനുള്ള രഹാനെയുടെ കഴിവ് എല്ലായ്പ്പോഴും ഒരു മത്സരത്തിന്റേതായ സാഹചര്യത്തിൽ നായകനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു കാര്യമാണെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.

“എല്ലായ്‌പ്പോഴും വിവിധ ഘട്ടങ്ങളിൽ ഇൻപുട്ടുകൾ നൽകാനുള്ള കഴിവും ശേഷിയുമുള്ള ഒരാളാണ് അദ്ദേഹം, ഗെയിം എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾ മൈതാനത്ത് ചർച്ച ചെയ്യുന്നു,” കോഹ്ലി പറഞ്ഞു.

“കൂടുതൽ വ്യക്തതയും കാഴ്ചപ്പാടും നേടുന്നതിന് ഞാൻ അദ്ദേഹവുമായി ധാരാളം കാര്യങ്ങൾ ചർച്ചചെയ്യുന്നു. അങ്ങനെയാണ് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത്. ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ വിജയത്തിനുള്ള വലിയ കാരണം അതാണ്,” കോഹ്ലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook