ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിൽ ഏവരെയും അതിശയപ്പെടുത്തുന്ന തീരുമാനമാണ് അംപയറുടെ പക്കൽ നിന്നുണ്ടായത്. ഇന്ത്യയ്ക്ക് ജയിക്കാൻ വെറും 2 റൺസ് മാത്രമുളളപ്പോഴാണ് അംപയർമാരായ അലീം ദറും ആഡ്രിയൻ ഹോൾഡ്സ്റ്റോക്കും ഉച്ചഭക്ഷണത്തിന് വേണ്ടി കളി നിർത്തിയത്. അംപയറുടെ തീരുമാനം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെയും ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മർക്രാമിനെയും മാത്രമല്ല ഗ്യാലറിയിൽ ഇരുന്ന ആരാധകരെയും മുൻ ക്രിക്കറ്റ് താരങ്ങളെയും അതിശയിപ്പിച്ചു.

രണ്ടാം ഏകദിനത്തിൽ 119 റൺസ് ആയിരുന്നു ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ മൂന്നാമനായി ഇന്ത്യൻ നായകൻ കോഹ്‌ലി എത്തി. കോഹ്‌ലിയും ശിഖർ ധവാനും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിച്ചു. ഇതിനിടയിൽ ധവാൻ അർധ സെഞ്ചുറി നേടി. സ്കോർ 117 ൽ എത്തി നിൽക്കുമ്പോഴാണ് അംപയർ ഉച്ച ഭക്ഷണത്തിന് വിളിച്ചത്.

ക്രിക്കറ്റിലെ നിയമപ്രകാരമായിരുന്നു അംപയറുടെ തീരുമാനമെങ്കിലും അത് കളിക്കാരെ ഒന്നടങ്കം അതിശയത്തിലാഴ്ത്തി. കോഹ്‌ലി അംപയറോട് വെറും 2 റൺസ് മതി എന്നു ആംഗ്യം കാണിച്ചെങ്കിലും നിയമത്തിൽ വിട്ടു വീഴ്ച നടത്താൻ തയ്യാറായില്ല. ഒടുവിൽ അംപയറുടെ തീരുമാനം ശരിവച്ച് താരങ്ങൾ ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. ഉച്ചഭക്ഷണത്തിന് ശേഷം കളി തുടങ്ങിയ ഇന്ത്യ മിനിറ്റുകൾക്കം 2 റൺസ് നേടുകയും വിജയിക്കുകയും ചെയ്തു.

അതേസമയം, അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. ഈ അവസരത്തിൽ നിയമം അല്ല സാമാന്യ ബുദ്ധിയാണ് പ്രയോഗിക്കേണ്ടതെന്നായിരുന്നു ചില താരങ്ങളുടെ അഭിപ്രായം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook