അശ്വിനുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ”അശ്വിൻ നമ്പർ വൺ ബോളറാണ്. അതെല്ലാവർക്കും അറിയാം. വളരെ പ്രൊഫഷണൽ ആണ്. കളിയുടെ ഗതിനിർണയത്തെക്കുറിച്ച് അശ്വിന് അറിയാം. പലപ്പോഴും അതിന് അനുസരിച്ച് കളിച്ചിട്ടുമുണ്ടെന്നും” കോഹ്‌‌ലി പറഞ്ഞു. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ശ്രീലങ്കയ്ക്കെതിരായ മൽസരത്തിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്‌ലി.

”ഞാൻ ആവശ്യപ്പെടുന്നതെന്താണോ അതിനനുസരിച്ച് ചെയ്യാൻ തയാറാണെന്ന് ഒരിക്കൽ അശ്വിൻ എന്നോട് പറഞ്ഞിട്ടുണ്ട്. ബോളിങ്ങിനെച്ചൊല്ലി ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ പരിഹരിക്കാവുന്ന കാര്യങ്ങളാണ്. വളരെ സ്മാർട്ടായ ഒരാളാണ് അശ്വിൻ. ബോളിങ്ങിൽ തന്റേതായ ചില രീതികൾ അശ്വിനുണ്ട്. കളിയിൽ അത് ഉപയോഗിച്ചിട്ടുണ്ട്. ഇതൊക്കെ കളിക്കിടയിൽ സ്വാഭാവികമായി സംഭവിക്കുന്നതാണ്”.

”എന്നാൽ ടീം സെലക്ഷന്റെ കാര്യത്തിൽ അശ്വിൻ വളരെ പ്രൊഫഷണലാണ്. ടീമിന് എന്താണ് വേണ്ടതെന്ന് നന്നായിട്ട് അറിയാം. അശ്വിനെ സംബന്ധിച്ചിടത്തോളം നല്ലൊരു സ്വഭാവമാണിത്. തന്നെക്കാൾ ടീമിനാണ് അശ്വിൻ എപ്പോഴും മുൻഗണന നൽകുന്നത്. ടീമിന്റെ നല്ലതിനുവേണ്ടി ആരെ സെലക്ട് ചെയ്താലും എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എന്നോട് ആദ്യമായി പറഞ്ഞത് അശ്വിനാണ്”- കോഹ്‌ലി പറഞ്ഞു.

ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരായ ആദ്യ മൽസരത്തിൽ ആർ.അശ്വിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. നമ്പർ വൺ ബോളറായിരുന്നിട്ടും അശ്വിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് വിമർശനങ്ങൾ നേരിടേണ്ടിവന്നു. ശ്രീലങ്കയ്ക്കെതിരായ ഇന്നത്തെ മൽസരത്തിലും അശ്വിനെ ഉൾപ്പെടുത്താൻ സാധ്യത കുറവാണ്. വിജയിച്ച ടീമിനെ നിലനിർത്താനാണ് സാധ്യത. അശ്വിനെ ടീമിലേക്ക് തിരഞ്ഞെടുത്താൽ കേദാർ ജാദവിന് പുറത്തിരിക്കേണ്ടിവരും. എന്നാൽ പിച്ചിന്റെ സാധ്യതയ്ക്കനുസരിച്ച് ഉമേഷ് യാദവിന് പകരം അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ