ഞങ്ങളുടെ ശരീരഭാഷ നിരാശപ്പെടുത്തുന്നതായിരുന്നു, ടീമിനൊരു പ്രശ്‌നമുണ്ട്; തോൽവിയിൽ നിരാശനായി കോഹ്‌ലി

തന്റെ സഹതാരങ്ങളുടെ ശരീരഭാഷയിൽ കോഹ്‌ലി അതൃപ്‌തി രേഖപ്പെടുത്തി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിൽ നിരാശനായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. തങ്ങളുടെ ശരീരഭാഷ തന്നെ നിരാശപ്പെടുത്തുന്നതായിരുന്നെന്ന് മത്സരശേഷം കോഹ്‌ലി പറഞ്ഞു. തന്റെ സഹതാരങ്ങളുടെ ശരീരഭാഷയിൽ കോഹ്‌ലി അതൃപ്‌തി രേഖപ്പെടുത്തി. 66 റൺസിനാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യ പരാജയം വഴങ്ങിയത്.

“അവസാന ഓവർ വരെ എല്ലാവരും ലക്ഷ്യബോധം പുലർത്തണം. ഏറെ നാളുകൾക്ക് ശേഷമാണ് ഞങ്ങൾ 50 ഓവർ ക്രിക്കറ്റ് കളിക്കുന്നത്. അതും ഒരു പ്രശ്‌നമായിരിക്കാം. 25 ഓവറിനുശേഷം ഫീൽഡിൽ ഞങ്ങളുടെ ശരീരഭാഷ മികച്ചതായിരുന്നില്ല, അത് ഏറെ നിരാശപ്പെടുത്തി. വളരെ ശക്തരായ ഒരു ടീമിനെ നേരിടുമ്പോൾ അവസരങ്ങൾ മുതലെടുക്കാനും അതിനനുസരിച്ച് ബുദ്ധിപൂർവ്വം കളിക്കാനും സാധിക്കണം. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് അതാണ്,” കോഹ്‌ലി പറഞ്ഞു.

“ഹാർദിക് പാണ്ഡ്യയെ ഒരു ബൗളറെന്ന നിലയിൽ ഉപയോഗിക്കാൻ സാധിക്കാത്തത് വലിയ തിരിച്ചടിയായി. ഓള്‍റൗണ്ടറുടെ അഭാവം ടീമിനെ പ്രതികൂലമായി ബാധിച്ചു. മികച്ചൊരു ഓള്‍റൗണ്ടർ സാധ്യത ഇപ്പോൾ ഞങ്ങൾക്കില്ല. ഇത് പരിഹരിക്കാനുള്ള വഴി തേടണം. മാർകസ് സ്റ്റോയ്‌നിസ്, ഗ്ലെൻ മാക്‌സ്‌വെൽ പോലുള്ള താരങ്ങൾ ഓസ്‌ട്രേലിയക്കുണ്ട്. അവർ ബാറ്റ്‌സ്‌മാൻമാരും പാർട് ടൈം ബൗളർമാരുമാണ്. ഇങ്ങനെയൊരു സാധ്യതയാണ് ഞങ്ങൾക്കില്ലാത്തത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്താൻ സാധിക്കാത്തതും ഫീൽഡിങ്ങിലെ പിഴവുകളും ഈ തോൽവിക്ക് കാരണമായി.” കോഹ്‌ലി പറഞ്ഞു.

Read Also: ഇത് വല്ലാത്തൊരു അടിയായിപ്പോയി; രാഹുൽ ഞെട്ടി, സെവാഗ് വായടച്ചു, ട്രോളുകളിൽ മാക്സി

ബാറ്റിങ്ങിലും ബൗളിങ്ങിലും ഓസ്‌ട്രേലിയ മികച്ച പ്രകടനം കാഴ്‌ചവച്ചു. കങ്കാരുക്കൾ ഉയർത്തിയ 375 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുത ഹെയ്‌സൽവുഡും ധവാന്റെയും പാണ്ഡ്യയുടെയുമടക്കം നിർണായകമായ നാല് വിക്കറ്റുകൾ വീഴ്ത്തിയ ആദം സാംബയുമാണ് ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത്. ബാറ്റിങ്ങിൽ സെഞ്ചുറി നേടിയ നായകൻ ആരോൺ ഫിഞ്ചും സ്റ്റീവ് സ്മിത്തുമാണ് കങ്കാരുക്കളെ കൂറ്റൻ സ്കോറിലെത്തിച്ചത്.

ടീം സ്കോർ മൂന്നക്കം കടക്കുന്നതിനിടയിൽ നാല് മുൻനിര വിക്കറ്റുകൾ നഷ്‌ടമായ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകിയത് പാണ്ഡ്യയുടെയും ധവാന്റെയും തകർപ്പൻ ഇന്നിങ്സാണ്. ആദ്യ ഓവറുകളിൽ തകർത്തടിച്ച ധവാനും മായങ്കും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ 22 റൺസെടുത്ത മായങ്കിനെ പുറത്താക്കി ഹെയ്‌സൽവുഡ് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ നായകൻ കോഹ്‌ലിയും (21) ശ്രേയസ് അയ്യരും (2)ഹെയ്‌സൽവുഡിന് മുന്നിൽ വീണു. രാഹുലിനെ (12) പുറത്താക്കി ആദം സാംബ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു.

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ധവാൻ – പാണ്ഡ്യ സഖ്യം തകർത്തത് സാംബയായിരുന്നു. 74 റൺസെടുത്ത ധവാനെ സ്റ്റാർക്കിന്റെ കയ്യിലെത്തിച്ച സാമ്പ തന്റെ അടുത്ത ഓവറിൽ പാണ്ഡ്യയെയും കൂടാരം കയറ്റി. 90 റൺസായിരുന്ന താരത്തിന്റെ സമ്പാദ്യം. ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ജഡേജയെ (25) പുറത്താക്കിയതും സാംബയായിരുന്നു.

156 റൺസിലാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 76 പന്തിൽ നിന്ന് 69 റൺസെടുത്ത ഡേവിഡ് വാർണർ കൂടാരം കയറിയെങ്കിലും ഓസീസിന്റെ റൺവേട്ടയ്‌ക്ക് തടയിടാൻ ഇന്ത്യയ്‌ക്ക് സാധിച്ചില്ല. വന്നവരും പോയവരും ഇന്ത്യൻ ബൗളർമാരെ നിഷ്‌കരുണം അടിച്ചോടിച്ചു. ഓസ്‌ട്രേലിയക്ക് വേണ്ടി നായകൻ ആരോൺ ഫിഞ്ചും മുൻ നായകൻ സ്റ്റീവ് സ്‌മിത്തും സെഞ്ചുറി നേടി. 124 പന്തിൽ നിന്ന് ഒൻപത് ഫോറും രണ്ട് സിക്‌സും സഹിതം 114 റൺസ് നേടിയ നായകൻ ആരോൺ ഫിഞ്ചാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ. ഫിഞ്ചിനേക്കാൾ ആക്രമണകാരി സ്റ്റീവ് സ്‌മിത്തായിരുന്നു. വെറും 66 പന്തിൽ നിന്നാണ് സ്‌മിത്ത് 105 റൺസ് നേടിയത്. 11 ഫോറും നാല് സിക്‌സും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു സ്‌മിത്തിന്റേത്.

സ്റ്റോയ്‌നിസ് റൺസൊന്നുമെടുക്കാതെ പുറത്തായപ്പോൾ പിന്നാലെ വന്ന ഗ്ലെൻ മാക്‌സ്‌വെൽ ഒരു വെടിക്കെട്ട് തന്നെ നടത്തി. വെറും 19 പന്തിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 45 റൺസെടുത്താണ് മാക്‌സ്‌വെൽ പുറത്തായത്. ഇന്ത്യയ്‌ക്ക് വേണ്ടി മൊഹമ്മദ് ഷമി 10 ഓവറിൽ നിന്ന് 59 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അതേസമയം, ലോകോത്തര ബൗളറെന്ന് വിശേഷണമുള്ള ഇന്ത്യയുടെ ജസ്‌പ്രീത് ബുംറ 10 ഓവറിൽ 73 റൺസ് വഴങ്ങി ! നേടിയത് ഒരു വിക്കറ്റ് മാത്രം. യുസ്‌വേന്ദ്ര ചഹലാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്. 10 ഓവറിൽ 89 റൺസ് വഴങ്ങിയ ചഹൽ ഒരു വിക്കറ്റ് മാത്രം നേടി സംതൃപ്തിയടഞ്ഞു. നവ്‌ദീപ് സെെനി 10 ഓവറിൽ 83 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ 10 ഓവറിൽ 63 റൺസ് വിട്ടുകൊടുത്ത രവീന്ദ്ര ജഡേജയ്‌ക്ക് വിക്കറ്റൊന്നും നേടാൻ സാധിച്ചില്ല.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ ലക്ഷ്യം മറന്നു കളിക്കുന്ന കാഴ്‌ചയാണ് കാണുന്നത്. ആദ്യ വിക്കറ്റിൽ ഇന്ത്യ 53 റൺസ് നേടിയെങ്കിലും പിന്നീടങ്ങോട്ട് കളി ഓസീസിന്റെ കെെകളിലാണ്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 17.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയിരിക്കുന്നത് 117 റൺസ് മാത്രം. ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് ക്രീസിൽ

 

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli about todays match india vs australia odi

Next Story
ISL 2020-21, ATKMB vs SCEB: തുടർച്ചയായ രണ്ടാം ജയവുമായി എടികെ മോഹൻ ബഗാൻ; കൊൽക്കത്ത ഡെർബിയിൽ അടിതെറ്റി ഈസ്റ്റ് ബംഗാൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com