വെല്ലിങ്‌ടൺ: ന്യൂസിലൻഡിനെതിരായ നാലാം ടി20യിലും വിജയിച്ച് ടീം ഇന്ത്യ മുന്നോട്ടുപോകുകയാണ്. ഇതോടെ ഇതുവരെ കഴിഞ്ഞ നാല് ടി20 യിലും വിജയിച്ചിരിക്കുകയാണ് ഇന്ത്യ. വെല്ലിങ്‌ടണിൽ നടന്ന നാലാം ടി20 യിൽ ഇന്ത്യ ജയിച്ചത് സൂപ്പർ ഓവറിലാണ്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലൻഡ് 13 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്കു വേണ്ടി നായകൻ വിരാട് കോഹ്‌ലിയും കെ.എൽ.രാഹുലുമാണ് ഇന്നിങ്‌സ് ഓപ്പൺ ചെയ്‌തത്. ഇന്നത്തെ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ സൂപ്പർ ഓവറിൽ ഓപ്പണറായില്ല. എന്നാൽ, സഞ്ജുവിനെ തന്നെ സൂപ്പർ ഓവറിലും ഇറക്കാനാണ് ആദ്യം തീരുമാനിച്ചതെന്ന് വിരാട് കോഹ്‌ലി പറയുന്നു.

“സഞ്ജു സാംസണെ തന്നെ സൂപ്പർ ഓവറിലും ഓപ്പൺ ചെയ്യിക്കാനാണ് തീരുമാനിച്ചത്. കാരണം കെ.എൽ.രാഹുലിനും സഞ്ജുവിനും സൂപ്പർ ഓവറിൽ നല്ല രീതിയിൽ ബാറ്റ് ചെയ്യാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് കെ.എൽ.രാഹുലിനോടും സംസാരിച്ചു. ഞാൻ ഓപ്പണറായി ഇറങ്ങണമെന്ന് രാഹുലാണ് നിർദേശിച്ചത്. കൂടുതൽ അനുഭവ സമ്പത്തുള്ളതുകൊണ്ട് ഞാൻ ഇറങ്ങുന്നതാണ് നല്ലതെന്ന് രാഹുൽ പറഞ്ഞു. അതിനുശേഷമാണ് ഞാനും രാഹുലും സൂപ്പർ ഓവറിൽ ഇന്നിങ്‌സ് ഓപ്പൺ ചെയ്‌തത്,” വിരാട് കോഹ്ലി മത്സരശേഷം പറഞ്ഞു.

Read Also: ആരഴിക്കും ഈ കുരുക്ക്?: മുതലയെ രക്ഷിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ഇന്തോനേഷ്യ

സഞ്ജുവിനെ കോഹ്‌ലി പുകഴ്‌ത്തി. ആക്രമണോത്സുകമായ ബാറ്റിങ് ശെെലി നല്ലതാണെന്നും കൂടുതൽ ശ്രദ്ധിച്ച് സഞ്ജു ബാറ്റ് ചെയ്യണമെന്നും കോഹ്‌ലി പറഞ്ഞു. സഞ്ജു നല്ല ധെെര്യമുള്ള ബാറ്റ്സ്‌മാനാണെന്നും കോഹ്‌ലി പുകഴ്‌ത്തി.

വിജയിക്കുമെന്ന് ഉറപ്പായ മത്സരത്തിലാണ് ന്യൂസിലൻഡ് അവസാന നിമിഷം കവാത്ത് മറന്നത്. നിശ്ചിത 20 ഓവർ മത്സരം ടെെ ആയതോടെ വിജയികളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടിവന്നു. തുടർച്ചയായി രണ്ടാം തവണയാണ് ന്യൂസിലൻഡ് സൂപ്പർ ഓവറിൽ ഇന്ത്യയോട് തോൽക്കുന്നത്. മൂന്നാം ടി20 യിലും ഇന്ത്യ വിജയിച്ചത് സൂപ്പർ ഓവറിലാണ്. ഇതോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 4-0 എന്ന നിലയിലായി. ഒരു മത്സരത്തിൽ പോലും കിവീസിനു ജയിക്കാൻ സാധിച്ചില്ല.

നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് ഇന്ത്യ നേടിയത്. ഇത് പിന്തുടർന്ന ന്യൂസിലൻഡിന് 20 ഓവറിൽ നേടാനായത് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 165 റൺസ്! ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക്. സൂപ്പർ ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 13 റൺസാണ് ന്യുസിലൻഡ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് പന്തുകളിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യംകണ്ടു. സൂപ്പർ ഓവറിൽ ഇന്ത്യയ്‌ക്കു വേണ്ടി ബാറ്റിങ്ങിനിറങ്ങിയത് കോഹ്‌ലിയും രാഹുലുമാണ്. ആദ്യ പന്തിൽ സിക്‌സും രണ്ടാം പന്തിൽ ഫോറും നേടി രാഹുൽ ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു. പിന്നെ എല്ലാം ചടങ്ങു മാത്രം.

Read Also: മുസ്‌ലിം വിരുദ്ധ പരാമർശം; മാപ്പു പറഞ്ഞ് ഫാദർ പുത്തൻപുരയ്‌ക്കൽ

വിജയം ഉറപ്പിച്ച കളിയാണ് ന്യൂസിലൻഡ് അവസാന നിമിഷം കളഞ്ഞുകുളിച്ചത്. അവസാന ഓവറിൽ ന്യൂസിലൻഡിനു ജയിക്കാൻ വേണ്ടിയിരുന്നത് വെറും ഏഴ് റൺസ് മാത്രമായിരുന്നു. ഏഴ് വിക്കറ്റുകളും ബാക്കി. എന്നാൽ, 20-ാം ഓവറിൽ കിവീസിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നേടാനായത് വെറും ആറ് റൺസ് മാത്രം! ശർദുൽ താക്കൂറാണ് ഇന്ത്യയ്‌ക്കുവേണ്ടി അവസാന ഓവർ എറിഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook