ക്രിക്കറ്റ് കരിയറില്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാലഘട്ടം തനിക്കുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മാനസികമായി ഏറെ ബുദ്ധിമുട്ടനുഭവിച്ച കാലമായിരുന്നു അതെന്ന് വിരാട് കോഹ്‌ലി ഓര്‍ക്കുന്നു. എന്തു ചെയ്യണമെന്നോ, എങ്ങനെ ചെയ്യണമെന്നോ അറിയാതെ പകച്ചുപോയ കാലഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോയതെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിനു മുൻപുള്ള പത്രസമ്മേളനത്തിലാണ് താൻ കരിയറിൽ കടന്നുപോയ മോശം കാലത്തെ കുറിച്ച് വിരാട് കോഹ്‌ലി വിവരിച്ചത്.

Read Also: ക്രീസില്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഒരു ഇന്ത്യന്‍ സ്‌പിന്നറെ: ആദം ഗില്‍ക്രിസ്റ്റ്

2014 ലെ ഇംഗ്ലണ്ട് പര്യടനം നടക്കുന്ന സമയത്താണ് താന്‍ ഏറെ മാനസിക പിരിമുറുക്കം അനുഭവിച്ചതെന്ന് കോഹ്‌ലി പറയുന്നു. “ലോകം തന്നെ അവസാനിക്കാന്‍ പോകുന്നതായി തോന്നിയ കാലഘട്ടമാണ് അത്. ഞാന്‍ നിസ്സഹായനായി നിന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നു. വലിയ മാനസിക സമ്മര്‍ദമാണ് അനുഭവിച്ചത്. എന്ത് സംസാരിക്കണം, എങ്ങനെ സംസാരിക്കണം എന്നൊന്നും അറിയാതെ ഞാന്‍ നിന്നു. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അത്രത്തോളം മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടു. എന്റെ സാമൂഹിക ജീവിതം തന്നെ താറുമാറായി. പക്ഷേ, അപ്പോഴും എന്റെ മാനസിക ബുദ്ധിമുട്ടുകളേക്കുറിച്ച് ആരോടെങ്കിലും തുറന്നുപറയാൻ എനിക്കു ഭയമായിരുന്നു. കളിയിൽനിന്ന് ഇടവേള ആവശ്യപ്പെടാനും കഴിഞ്ഞില്ല. കാരണം, എന്റെ അവസ്ഥയെയും ആവശ്യത്തെയും മറ്റുള്ളവർ എങ്ങനെ എടുക്കുമെന്ന് അറിയില്ലായിരുന്നു” വിരാട് കോഹ്‌ലി പറഞ്ഞു.

മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെൽ ഇടവേളയെടുത്തതിനെ കോഹ്‌ലി അഭിനന്ദിച്ചു. മാക്‌സ്‌വെൽ നല്ല തീരുമാനമാണ് എടുത്തിരിക്കുന്നത്. ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് താരങ്ങൾക്ക് അനുകരണീയമായൊരു മാതൃകയാണത്. സമ്മർദ്ദം അകറ്റാൻ പരമാവധി ശ്രമിക്കുക. മനുഷ്യരെന്ന നിലയിൽ അതിനു സാധിക്കാതെ വരുമ്പോൾ തീർച്ചയായും കളിയിൽനിന്ന് വിട്ടുനിൽക്കാൻ കഴിയണമെന്നും കോഹ്‌ലി പറഞ്ഞു.

2014 ലെ ഇംഗ്ലണ്ട് പര്യടന സമയത്ത് കരിയറിലെ വളരെ മോശം പ്രകടനമാണ് കോഹ്‌ലി നടത്തിയത്. ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ ആ കാലഘട്ടത്തില്‍ വിരാടിന് സാധിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook