പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ നേടിയത് 345 റൺസ്. ഓപ്പണര്‍ മായാങ്ക് അഗര്‍വാളിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും സെഞ്ചുറി സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ 26-ാമത്തെ സെഞ്ചുറിയാണ് കോഹ്‌ലി ദക്ഷിണാഫ്രിക്ക‌യ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ നേടിയത്. ഇതോടെ രാജ്യാന്തര ക്രിക്കറ്റിൽ കോഹ്‌ലി നേടുന്ന സെഞ്ചുറികളുടെ എണ്ണം 69 ആയി. 173 പന്തിൽ നിന്ന് 16 ഫോറുകൾ സഹിതമാണ് വിരാട് കോഹ്‌ലിയുടെ സെഞ്ചുറി ഇന്നിങ്സ്.

Express photo by Daniel Stephan

273/3 എന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിച്ചത്. 63 റണ്‍സുമായി കോഹ്‌ലിയും 18 റണ്‍സുമായി അജിങ്ക്യ രഹാനെയുമായിരുന്നു ക്രീസില്‍. രണ്ടാം ദിനത്തിൽ ഇരുവരും മികച്ച നിലയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി ബാറ്റ് വീശിയ രഹാനെ ടെസ്റ്റ് കരിയറിലെ 20-ാമത്തെ അര്‍ധ സെഞ്ചുറിയും സ്വന്തമാക്കി.

ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 273 റൺസെന്ന നിലയിലായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമ്മയെ നഷ്ടമായി. കഴിഞ്ഞ മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി തികച്ച രോഹിത് എന്നാൽ പൂനെയിൽ 14 റൺസിനാണ് ക്രീസ് വിട്ടത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മായങ്ക് – പൂജാര സഖ്യമാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകിയത്. സെഞ്ചുറിയുമായി മുന്നേറിയ കൂട്ടുകെട്ട് തകർത്തതും റബാഡയായിരുന്നു. 112 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും ഉൾപ്പടെ 58 റൺസെടുത്ത പൂജാരയെ റബാഡ ഡീ കോക്കിന്റെ കൈകളിൽ എത്തിച്ചു. നേരത്തെ രോഹിത്തിനെയും റബാഡയായിരുന്നു പുറത്താക്കിയത്.

പൂജാരയ്ക്ക് പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലി മായങ്കിന് മികച്ച പിന്തുണ നൽകുന്നതോടൊപ്പം റൺസ് കണ്ടെത്തുകയും ചെയ്തു. എതിനിടയിൽ മായങ്ക് സെഞ്ചുറിയും തികച്ചു. 195 പന്തിൽ 108 റൺസ് നേടിയ ശേഷമാണ് താരം ക്രീസ് വിട്ടത്. 16 ഫോറും രണ്ട് സിക്സുമാണ് മായങ്കിന്റെ ഇന്നിങ്സിൽ പിറന്നത്.

മൂന്നു മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയാണ് മുന്നിൽ. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 203 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ മായങ്കിന്റെ ഇരട്ടസെഞ്ചുറി പ്രകടനം നിർണായക പങ്കുവഹിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook