ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ളതും ഏറ്റവും കൂടുതൽ ആരാധകരുള്ളതുമായ താരമാണ് വിരാട് കോഹ്‌ലി. കഴിഞ്ഞ കുറേനാളായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി താടിവടിച്ചിട്ടില്ല. എന്തുകൊണ്ടാണ് താൻ താടി ഒഴിവാക്കത്തതെന്ന് തുറന്നുപറയുകയാണ് കോഹ്‌ലി. താനൊരിക്കലും ഇനി ഷേവ് ചെയ്യില്ലെന്നും താടിയില്ലാത്ത തന്നെ കാണാൻ അത്ര ഭംഗിയില്ലെന്നുമാണ് കോഹ്‌ലി പറഞ്ഞത്. മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സണുമായുള്ള അഭിമുഖത്തിലാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരുടേയും സംസാരം.

Read Also: കോവിഡ്-19: നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട 15 പേർ രോഗം ബാധിച്ചു മരിച്ചു

ക്രിക്കറ്റ് കരിയറിൽ കോഹ്‌ലിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ബാറ്റിങ് പാട്‌ണർ ആരാണെന്ന് പീറ്റേഴ്‌സൺ ചോദിച്ചു. ഇന്ത്യയിൽ നിന്ന് എം.എസ്.ധോണിയാണ് തനിക്കു ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയെന്ന് കോഹ്‌ലി പറഞ്ഞു. “രണ്ട് പേർക്കൊപ്പം ബാറ്റ് ചെയ്യുന്നതാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചിരിക്കുന്നത്. വിക്കറ്റിനിടയിൽ നന്നായി ഓടാനും ഞാൻ പറയുന്നത് പെട്ടന്ന് മനസിലാക്കാനും സാധിക്കുന്നവരുമായി ബാറ്റ് ചെയ്യാനാണ് എനിക്ക് കൂടുതൽ ഇഷ്‌ടം. ഇന്ത്യയിൽ നിന്ന് ഒരാളെ അങ്ങനെ തിരഞ്ഞെടുക്കാനാണെങ്കിൽ അത് തീർച്ചയായും ധോണിയായിരിക്കും. ഇന്ത്യയ്‌ക്കു പുറത്തു നിന്നാണെങ്കിൽ അത് എ.ബി.ഡിവില്ലിയേഴ്‌സ് ആണ്. ഡിവില്ലിയേഴ്‌സുമായുള്ള കൂട്ടുകെട്ട് വല്ലാത്തൊരു അനുഭവമാണ്,” കോഹ്‌ലി പറഞ്ഞു.

രസകരമായ മറ്റ് ചോദ്യങ്ങൾക്കുമുള്ള ഉത്തരം കോഹ്‌ലി നൽകി. ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മെസിക്ക് മുകളിൽ നിർത്തുമെന്ന് കോഹ്‌ലി പറഞ്ഞു. തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും നല്ല നിമിഷം 2011 ലോകകപ്പ് നേട്ടമാണെന്ന് കോഹ്‌ലി പറഞ്ഞു. അതേസമയം, ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം നിമിഷം 2014 ലെ ഇംഗ്ലണ്ട് പര്യടനമാണെന്നും പീറ്റേഴ്‌സണുമായുള്ള ചാറ്റിൽ കോഹ്‌ലി പങ്കുവച്ചു.

Read Also: ദാദയോളം പ്രിയപ്പെട്ട നായകനില്ല, ധോണിയും കോഹ്‌ലിയും അത്ര പോര: യുവരാജ് സിങ്

കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയാണ് കോഹ്‌ലി. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും സുരക്ഷിതരായി വീട്ടിൽ തന്നെ കഴിയണമെന്ന് കോഹ്‌ലിയും അനുഷ്കയും ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook