ലോര്‍ഡ്‌സ്: പേസ് ബോളിങ്ങിന്റെ കരുത്തില്‍ ഇന്ത്യയെ വെറും 107 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് ജെയിംസ് ആൻഡേഴ്സണ്‍ എന്ന 36 കാരനായിരുന്നു. തന്റെ ടെസ്റ്റ് കരിയറിലെ 27-ാമത്തെ അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്ത ആൻഡേഴ്‌സണ്‍ മുന്നില്‍ നിന്ന് പന്തെറിഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് വെറും 35 ഓവറും രണ്ട് പന്തും മാത്രമാണ് ബാറ്റ് ചെയ്യാനായത്.

മുരളി വിജയ്, രഹാനെ, കെ.എല്‍.രാഹുല്‍ എന്നീ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാരേയും ലോവര്‍ ഓര്‍ഡറില്‍ കുല്‍ദീപ് യാദവിനേയും ഇശാന്ത് ശര്‍മ്മയേയുമാണ് ആൻഡേഴ്‌സണ്‍ പുറത്താക്കിയത്. നിര്‍ണ്ണായകമായ വിരാട് കോഹ്‌ലിയുടെ വിക്കറ്റെടുത്തത് ക്രിസ് വോക്‌സ് ആയിരുന്നുവെങ്കില്‍ വിരാടും ജാമ്മിയും തമ്മിലുള്ള പോരാട്ടമായിരുന്നു മത്സരശേഷം നടന്ന പ്രധാന ചര്‍ച്ചകളിലൊന്ന്.

രണ്ടാം ദിനം കളിയവസാനിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് ആൻഡേഴ്‌സണും ഇതിനെ കുറിച്ച് മനസ് തുറന്നു.”എല്ലാവരേയും പോലെ എന്തുകൊണ്ട് വിരാടും എഡ്ജ് ആവുന്നില്ലെന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. അദ്ദേഹവും ഞാനും തമ്മിലുണ്ടായ മത്സരം ഞാന്‍ നന്നായി ആസ്വദിച്ചു.” വിരാട് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്നും അദ്ദേഹത്തിന്റെ വിക്കറ്റെടുക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ആൻഡേഴ്‌സണ്‍ വ്യക്തമാക്കി.

”വെറുതയല്ലെ വിരാട് ലോകത്തെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായത്. ലോകത്തെ ഏറ്റവും മികച്ചവര്‍ക്കെതിരെ പന്തെറിയുകയും അവരെ പുറത്താക്കുകയും ചെയ്യുക എന്നത് എനിക്ക് ഏറെ ഇഷ്ടമാണ്. വളരെ ത്രില്ലിങ് ആയ അനുഭവമാണത്. നിര്‍ഭാഗ്യവശാല്‍ എനിക്ക് അദ്ദേഹത്തിന്റെ വിക്കറ്റ് എടുക്കാന്‍ സാധിച്ചില്ല. പക്ഷെ പരമ്പരയിലുടനീളം ഇനിയും ഞാനതിനായി ശ്രമിച്ചു കൊണ്ടിരിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിരാട് കോഹ്‌ലിയില്‍ അമിതമായി ആശ്രയിക്കുന്നതിനെ കുറിച്ചും ആൻഡേഴ്‌സണ്‍ മനസ് തുറന്നു. ക്യാപ്റ്റനും ലോകത്തെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനുമായതിനാല്‍ ആണ് വിരാടില്‍ ഇത്രയധികം ആശ്രയിക്കുന്നതെന്നും എന്നാല്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറിലെ ഏഴ് ബാറ്റ്‌സ്മാന്മാരും മുമ്പ് ഇംഗ്ലണ്ടില്‍ നന്നായി കളിച്ചിട്ടുള്ളവരാണെന്നും അതിനാല്‍ ആരേയും ചെറുതായി കാണുന്നില്ലെന്നും ജാമ്മി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook