വളരെ കുറച്ച് നാളുകള്‍ കൊണ്ടു തന്നെ ക്രിക്കറ്റ് ലോകത്ത് തന്റെ സാന്നിധ്യം അറിയിച്ച താരമാണ് ബാബര്‍ അസം. ചെറുപ്രായത്തില്‍ തന്നെ ബാറ്റിങ് റാങ്കില്‍ വലിയ കുതിപ്പു നടത്തിയ ബാബറിനെ പാക് ക്രിക്കറ്റിന്റെ ഭാവിയായിട്ടാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തുന്നത്. നിശ്ചിത ഓവര്‍ മൽസരങ്ങളിലെ സ്ഥിരതയാണ് താരത്തിന്റെ പ്രത്യേകത. ഏകദിനത്തിലും ട്വന്റി-20യിലും 50 ശരാശരിയുള്ള ബാബറിന്റെ കളിശൈലിയെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടേതിനോടാണ് താരതമ്യം ചെയ്യാറ്.

കളിക്കളത്തില്‍ വിരാടിനെ പോലെ തന്നെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന താരമാണ് ബാബര്‍. വിരാടിന്റെ തുടക്കകാലത്തേതെന്ന പോലെ തന്നെ സിക്‌സറുകള്‍ അടിക്കുന്നതില്‍ പിശുക്ക് കാണിക്കുന്ന താരവുമാണ് ബാബര്‍. എന്നാല്‍ തന്നെ വിരാട് കോഹ്‌ലിയോട് താരതമ്യം ചെയ്യുന്നതിനെതിരെ ബാബര്‍ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരായ മൽസരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ബാബര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

”വിരാട് കോഹ്‌ലി ഇതിഹാസമാണ്. അദ്ദേഹത്തിന്റെ അടുത്തു പോലും ഞാന്‍ എത്തില്ല. ഞാന്‍ അദ്ദേഹത്തെ പോലെയാകാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ആളുകള്‍ പറയുന്നത് ഞാന്‍ അദ്ദേഹത്തെ പോലെയാണെന്നാണ്. അത് ശരിയല്ല.” ബാബര്‍ അസം പറയുന്നു. 41 ഏകദിനത്തില്‍ നിന്നും 7 സെഞ്ചുറിയും 7 അര്‍ധസെഞ്ചുറിയുമായി 1789 റണ്‍സ് നേടിയിട്ടുണ്ട് ബാബര്‍ അസം.

കഴിഞ്ഞ ദിവസം അരങ്ങേറിയ വിന്‍ഡീസിനെതിരായ രണ്ടാമത്തെ ട്വന്റി-20യിലെ മാന്‍ ഓഫ് ദ മാച്ചും ബാബറായിരുന്നു. പാക്കിസ്ഥാന്‍ 82 റണ്‍സിന് ജയിച്ച മൽസരത്തില്‍ പുറത്താകാതെ 97 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ