പരാജയത്തോടെയാണ് തുടങ്ങിയെങ്കിലും വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് രണ്ടാം മത്സരത്തിലെ ജയത്തിലൂടെ ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്യേഴ്‌സിന്റെ ബാറ്റിംഗ് കരുത്തായിരുന്നു ഇന്നലെ കോഹ്ലിപ്പടയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ കോഹ്ലിയുടെ ഭാഗ്യനക്ഷത്രമായി ഭാര്യ അനുഷ്‌ക ശര്‍മ്മയുടെ സാന്നിധ്യവുമുണ്ടായിരുന്നു.

മത്സരശേഷമുള്ള വിരാടിന്റേയും അനുഷ്‌കയുടേയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കളി കാണാന്‍ ഗ്യാലറിയിലിരിക്കുന്ന അനുഷ്‌കയെ ഫോണ്‍ ചെയ്യുന്ന വിരാടിന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. കളി കഴിഞ്ഞ് ഡ്രെസ്സിംഗ് റൂമിലെത്തിയ ശേഷമായിരുന്നു വിരാട് അനുഷ്‌കയെ ഫോണില്‍ വിളിച്ചത്.

ഡ്രെസ്സിംഗ് റൂമിന് അരികിലുള്ള ഗ്യാലറിയിലിരുന്നായിരുന്നു അനുഷ്‌ക കളി കണ്ടിരുന്നത്. ഇരുവരും ഭിത്തിയുടെ അപ്പുറത്തും ഇപ്പുറത്തുമായി നിന്ന് ഫോണിലൂടെ സംസാരിക്കുന്നതിന്റെ വീഡിയോ കാണികളില്‍ ഒരാള്‍ പകര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തന്റെ ടീമിന്റെ കളിയെങ്ങനെയുണ്ടെന്ന് അനുഷ്‌കയോട് ചോദിക്കുകയാണ് വിരാട് എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രധാന കമന്റുകളിലൊന്ന്.

ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാമറകള്‍ പലതവണ അനുഷ്‌കയെ പകര്‍ത്തി. ഒരുപക്ഷെ കാണികള്‍ക്കിടയില്‍ കാമറകളുടെ ശ്രദ്ധയില്‍ ഏറെയും താരറാണിയിലേക്ക് തന്നെയായിരുന്നു. ഇതാദ്യമായല്ല വിരാട് കോഹ്ലിക്കും സംഘത്തിനും വേണ്ടി അനുഷ്‌ക ശര്‍മ്മ പിന്തുണയുമായെത്തുന്നത്. പക്ഷെ ആര്‍സിബിയ്ക്ക് വേണ്ടി ഇന്നലത്തെ അനുഷ്‌കയുടെ പിന്തുണ അത്രയേറെ പ്രത്യേകതകളുളളതായിരുന്നു.

ഭര്‍ത്താവിന്റെ പ്രകടനത്തെ അത്ര ആവേശത്തോടെയാണ് അനുഷ്‌ക പിന്തുണച്ചത്. ഒരു ഘട്ടത്തില്‍ തകര്‍പ്പന്‍ ഫീല്‍ഡ് പെര്‍ഫോമന്‍സ് കാഴ്ചവച്ച വിരാടിന് ചുംബനം കൈമാറി അനുഷ്‌ക. വിരാട് കോഹ്ലി ഇന്നലെ മികച്ച ഫോമിലാണ് ബാറ്റ് ചെയ്തതെങ്കിലും അദ്ദേഹം മുജീബ് റഹ്മാന്റെ ബോളിംഗിന് മുന്നില്‍ കീഴടങ്ങി. എങ്കിലും താരത്തിന്റെ ടീം ആധികാരിക വിജയം സ്വന്തമാക്കിയത് അനുഷ്‌ക ശര്‍മ്മയ്ക്ക് വളരെയേറെ സന്തോഷം നല്‍കി.

കൊല്‍ക്കത്തയില്‍ കഴിഞ്ഞ മത്സരം തോറ്റാണ് ആര്‍സിബി സീസണിലെ പ്രകടനം തുടങ്ങിയത്. എന്നാല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ആര്‍സിബി ബോളര്‍മാര്‍ അവരുടെ സ്‌കോര്‍ 155 ല്‍ ഒതുക്കി. കെഎല്‍ രാഹുല്‍ 30 പന്തില്‍ 47 റണ്‍സ് നേടി പഞ്ചാബ് നിരയില്‍ ഒന്നാമതെത്തിയെങ്കിലും അവര്‍ക്ക് ജയിക്കാനാവശ്യമായ സ്‌കോര്‍ നേടാനായില്ല.

കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിപ്പോയ വാഷിംഗ്ടണ്‍ സുന്ദര്‍ ഇക്കുറി നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ആര്‍സിബിയുടെ മേധാവിത്വത്തിന് ശക്തിയേകി.
//www.instagram.com/p/Bhhiw4KHFlB/?utm_source=ig_embed

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook