മെൽബൺ: ലോക ക്രിക്കറ്റിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുളള ബാറ്റ്സ്മാനാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മറ്റൊരർത്ഥത്തിൽ ലോക ക്രിക്കറ്റിലെ തന്നെ റൺ മെഷീൻ എന്ന ഇതുവരെ ആരും ചൂടിയിട്ടില്ലാത്ത വിശേഷണത്തിന്റെ ഉടമയാണ് അദ്ദേഹം.

ഏറ്റവും ഫിറ്റ്നെസ് ഉളള കളിക്കാരനെന്ന് ഇതിനോടകം തന്നെ പലകുറി തെളിയിച്ച് കഴിഞ്ഞിട്ടുണ്ട് കോഹ്ലി. സ്ഥിരതയാർന്നതും മികവുറ്റതുമായ പ്രകടനത്തിന് ഫിറ്റ്നെസ് എത്രത്തോളം പ്രാധാന്യമാണെന്ന് അദ്ദേഹം ഇതിനോടകം തന്നെ കളിമികവിലൂടെ തെളിയിച്ചിട്ടുണ്ട്.

ബോക്സിങ്  ഡേ ടെസ്റ്റിന്റെ ഒന്നും രണ്ടും ദിനങ്ങളിൽ വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയുമാണ് കളം നിറഞ്ഞ് കളിച്ചത്. ഓസീസിനെതിരെ ഇരുവരും ചേർന്ന് 170 റൺസിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി.

എന്നാൽ കോഹ്ലിയുടെ ഫിറ്റ്‌നെസിൽ ഒപ്പത്തിനൊപ്പം എത്താൻ പൂജാരയ്ക്ക് സാധിച്ചില്ല. കളി പുരോഗമിക്കുന്തോറും ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്സ്‌മാനായ പൂജാര ക്ഷീണിതനാവുന്ന കാഴ്ചയാണ് കണ്ടത്.

മത്സരത്തിൽ 120ാം ഓവറിലാണ് ഏവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംഭവം നടന്നത്. ഈ ഓവറിൽ വിരാട് കോഹ്ലി ഡീപ് മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്ക് പന്ത് അടിച്ചകറ്റി. എന്നാൽ ആവശ്യമുളള വേഗത അതിനുണ്ടായില്ല. ഈ ഭാഗത്ത് ഫീൽഡറുമുണ്ടായിരുന്നില്ല. അതിനാൽ തന്നെ നാല് റൺസ് ഓടിയെടുക്കാനുളള പരിശ്രമത്തിലായിരുന്നു കോഹ്ലി.

എന്നാൽ കോഹ്ലിയുടെ അത്രയും പോരാട്ടവീര്യം പൂജാരയ്ക്ക് ഉണ്ടായിരുന്നില്ല. പരമാവധി മൂന്ന് റൺസ് എന്നായിരുന്നു പൂജാര മനസിലുറപ്പിച്ചത്. അതിനാൽ തന്നെ കോഹ്ലിയെ അപേക്ഷിച്ച് കുറവ് വേഗത്തിലാണ് അദ്ദേഹം ഓടിയത്.

കോഹ്ലി വിക്കറ്റുകൾക്കിടയിൽ മൂന്ന് വട്ടം ഓടിയെത്തിയപ്പോഴേക്കും പൂജാര രണ്ട് റൺസ് മാത്രമാണ് എടുത്തത്. ഈ സമയത്തും ഫീൽഡർ പന്തിന് അടുത്ത് എത്തിയിരുന്നില്ല. പൂജാരയുടെ ഓട്ടം കണ്ട് കോഹ്ലി നിരാശയോടെ നോക്കുമ്പോഴേക്കും ഫീൽഡർ പന്ത് കൈവശപ്പെടുത്തി ബോളിങ് എന്റിലേക്ക് എറിഞ്ഞു. അത്രയും ഓടാൻ വയ്യെന്ന് പൂജാര ആംഗ്യങ്ങളിലൂടെ പറയുന്നതാണ് പിന്നീട് കണ്ടത്.

എല്ലാ ക്രിക്കറ്റ് ഫോർമാറ്റിലും യോയോ ടെസ്റ്റ് നിർബന്ധമാക്കണം എന്ന് ആവശ്യപ്പെട്ടത് കോഹ്ലിയാണ്. യോ-യോ ടെസ്റ്റ് വിജയിക്കാത്ത താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ട് വച്ചിരുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook