മെല്‍ബണ്‍: ഗുസ്തിയില്‍ ഇന്ത്യയിന്ന് ഒരു സ്വര്‍ണ്ണം പ്രതീക്ഷിച്ചിരുന്നു, സൂപ്പര്‍ താരം ബബിത ഫോഘട്ടിലൂടെ സ്വര്‍ണ്ണം ഇന്ത്യയിലെത്തുന്നുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടാനേ ബബിതയ്ക്ക് സാധിച്ചുള്ളൂ. ബബിതയുടെ കണ്ണീരിന് മണിക്കൂറുകള്‍ക്കകം സഹോദരി വിനേഷ് ഫോഘട്ട് മറുപടി പറഞ്ഞിരിക്കുകയാണ്.

ഫോഘട്ട് കുടുംബത്തിലെ ഇളമുറക്കാരിയായ വിനേഷ് എതിരാളിയായ കനേഡിയന്‍ താരത്തെ മലര്‍ത്തിയടിച്ചാണ് സ്വര്‍ണ്ണം നേടിയത്. 23 കാരിയായ വിനേഷ് ബബിതയുടേയും ഗീതയുടേയും അച്ഛന്‍ മഹാവീര്‍ സിംഗ് ഫോഘട്ടിന്റെ സഹോദരന്റെ മകളാണ്. ചേച്ചിയ്ക്ക് പതറിയിടത്ത് വിനേഷിനെ കാത്തിരുന്നത് കനേഡിയന്‍ താരം ജെസിക്ക എന്ന 33 കാരിയെയായിരുന്നു. ജെസിക്കയെ തുടക്കത്തില്‍ തന്നെ തന്റെ വരുതിയിലാക്കിയ വിനേഷ് മത്സരത്തിലുടനീളം ശക്തമായ ആധിപത്യമാണ് പുലര്‍ത്തിയത്.

ഏതിരാളിയെ എടുത്തുയര്‍ത്തി മലര്‍ത്തിയടിച്ച് കൊണ്ടു തന്നെ വിനേഷ് താന്‍ ചില്ലറക്കാരിയല്ലെന്ന് തെളിയിച്ചാണ് തുടങ്ങിയത് തന്നെ. ഒരു ഘട്ടത്തില്‍ ജെസിക്കയുടെ പിടിയില്‍ കുടുങ്ങിപ്പോയ വിനേഷ് അസാമാന്യ നീക്കത്തിലൂടെ തിരിച്ചു വരികയായിരുന്നു. വിനേഷിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് അടക്കമുള്ള പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യ് സ്വര്‍ണക്കൊയ്ത്തു തുടരുകയാണ്. മേരികോം തുടങ്ങി വച്ച സ്വര്‍ണ്ണക്കൊയ്ത്ത് മാണിക ബത്രയിലാണ് എത്തിനില്‍ക്കുന്നത്. പത്താം ദിനം മാത്രം ഏഴ് സ്വര്‍ണ്ണമാണ് ഇന്ത്യ നേടിയത്. സിംഗപ്പൂരിന്റെ യൂവിനെയാണ് ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ബത്ര തോല്‍പ്പിച്ചത്. 125 കിലോ വിഭാഗം ഗുസ്തിയിലാണ് സുമിത് കുമാര്‍ സ്വര്‍ണ്ണം നേടിയതിന് പിന്നാലെ 50 കിലോ ഗുസ്തിയില്‍ വിനേഷ് കുമാര്‍ സ്വര്‍ണ്ണം നേടി.

അത്‌ലറ്റിക്‌സ് വിഭാഗമായ ട്രാക്ക് ആന്റ് ഫീല്‍ഡില്‍ ഇന്ത്യ ചരിത്രത്തിലെ നാലാമത്തെ സ്വര്‍ണ്ണനേട്ടവും ഇന്ന് നേടി. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യയുടെ ഇന്നത്തെ അഭിമാന താരം. ഇന്നത്തെ നാലാമത്തെ സ്വര്‍ണമെഡലാണ് നീരജ് ചോപ്ര നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 24 സ്വര്‍ണമെഡല്‍ എന്ന നേട്ടത്തിലേക്ക് എത്താനായി.

20 കാരനായ നീരജ് ചോപ്ര 86.47 മീറ്റര്‍ ദൂരത്തേക്കാണ് ജാവലിന്‍ വലിച്ചെറിഞ്ഞത്. നീരജ് ചോപ്രയില്‍ രാജ്യത്തിന് വലിയ മെഡല്‍ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ കരിയറിലെ മികച്ച ത്രോ 86.48 മീറ്ററായിരുന്നു. ഇതിനോടൊപ്പമെത്താന്‍ താരത്തിന് സാധിച്ചു. ജാവലിന്‍ ത്രോയില്‍ താരം ഇതോടെ ഇന്ത്യയുടെ ഒളിംപിക് മെഡല്‍ പ്രതീക്ഷയുമായി. താരത്തിന്റെ ഫൈനലിലെ പ്രകടനം നിറഞ്ഞ കൈയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.

അത്ലറ്റിക്‌സ് ഇനങ്ങളില്‍ ഇന്ത്യയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ലഭിക്കുന്ന നാലാമത്തെ വ്യക്തിഗത സ്വര്‍ണമെഡലാണ് ഇത്. 440 യാര്‍ഡ് മല്‍സരത്തില്‍ മില്‍ഖ സിങ്ങും, 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഡിസ്‌കസ് ത്രോയില്‍ കൃഷ്ണ പൂനിയയും 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഡിസ്‌കസ് ത്രോ പുരുഷ വിഭാഗത്തില്‍ വികാസ് ഗൗഡയുമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുളളത്.

കുതിപ്പ് തുടരുന്ന ഇന്ത്യ ഇന്നത്തെ തിളക്കമാര്‍ന്ന പ്രകടനത്തോടെ 22 സ്വര്‍ണമെഡലിലേക്ക് എത്തി. 22 സ്വര്‍ണ്ണം, 13 വെളളി, 15 വെങ്കലം എന്നിവയടക്കം ആകെ 50 മെഡലുകളാണ് ഇന്ത്യക്കുളളത്. ഇന്ന് രാവിലെ നടന്ന ബോക്‌സിങ് 48 കിലോഗ്രാം വിഭാഗത്തില്‍ മേരി കോമാണ് പത്താം ദിനത്തിലെ ആദ്യ സ്വര്‍ണം സമ്മാനിച്ചത്. പിന്നാലെ 50 മീറ്റര്‍ റൈഫിള്‍ മല്‍സരത്തില്‍ സഞ്ജീവ് രജ്പുത് ഇന്ത്യക്ക് രണ്ടാം സ്വര്‍ണം സമ്മാനിച്ചു.

അധികം വൈകും മുന്‍പേ ബോക്‌സിങ്ങില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി ഗൗരവ് സോളങ്കി മീറ്റിലെ ഇന്ത്യന്‍ പ്രകടനത്തിന്റെ ശോഭ വര്‍ദ്ധിപ്പിച്ചിരുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook