ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഫീൽഡർ ആരാണ് എന്നതിന് ഒറ്റ ഉത്തരമേ ഉള്ളു. അത് ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സാണെന്ന് പറയാൻ ആരാധകർക്ക് രണ്ട് തവണ ആലോചിക്കേണ്ട കാര്യമില്ല. 1992 ലോകകപ്പിൽ പാക്കിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖിനെ റണ്ണൗട്ടാക്കിയ ജോണ്ടിയുടെ പ്രകടനം ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ മറക്കില്ല. ജോണ്ടി റോഡ്സിന്റെ ഈ പ്രകടനത്തെ അനുകരിച്ച്കൊണ്ട് ഒരു ഇന്ത്യൻ താരം രംഗത്ത് എത്തിയിരിക്കുകയാണ്. കർണ്ണാടക താരം വിനയ് കുമാറാണ് ആ താരം.

സയ്യീദ് മുഷ്താഖ് അലി ടൂണ്ണമെന്റിലെ പഞ്ചാബിനെതിരായ മത്സരത്തിലാണ് വിനയ്കുമാറിന്രെ തകർപ്പൻ പ്രകടനം. പഞ്ചാബ് താരം ഗുർകീരാത് സിങ്ങിനെയാണ് ജോണ്ടി റോഡ്സ് സ്റ്റൈലിൽ വിനയ്കുമാർ പുറത്താക്കിയത്.

ശ്രീനാഥ് അരവിന്ദിന്റെ പന്ത് ലൈഗ് സൈഡിലേക്ക് തട്ടിയിട്ട് സിംഗിളിനായി ഓടുകയായിരുന്നു ഗുർകിരാത് സിങ്. ലെഗ്സൈഡിൽ നിന്ന് വിക്കറ്റിനെ ലക്ഷ്യമാക്കി കർണ്ണാടക താരം ത്രോ ചെയ്തെങ്കിലും ലക്ഷ്യം പിഴയ്ക്കുകയായിരുന്നു. എന്നാൽ മിഡ്ഓണിൽ ഫീൽഡ് ചെയ്തിരുന്നു വിനയ്കുമാറിന്റെ കൈകളിലാണ് പന്ത് എത്തിച്ചേർന്നത്. പന്ത് കൈപ്പിടിയിൽ ഒതുക്കിയതിന് ശേഷം മുഴുനീളെ ഒരു ഡൈവിലൂടെ വിനയ്കുമാർ സ്റ്റംമ്പ് തകർക്കുകയായിരുന്നു.

മത്സരം ശേഷം റണ്ണൗട്ടിന്റെ വിഡിയോ വിനയ്കുമാർ തന്നെയാണ് നവമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ പ്രകടനം തന്റെ പരിശീലകനായിരുന്നു ജോണ്ടി റോഡ്സിന് സമർപ്പിക്കുന്നു എന്നും കുറിച്ചാണ് വിനയ്കുമാർ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മത്സരത്തിൽ കർണ്ണാടക പഞ്ചാബിനെതിരെ തോറ്റെങ്കിലും വിനയ്കുമാറിന്റെ ഫീൽഡിങ് മികവ് വൻ ഹിറ്റായി. കർണ്ണാടകയുടെ നായകനാണ് വിനയ്കുമാർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ