മുംബൈ: ചൈനക്കാരൻ സുൽപിക്കർ മെയ്മെയ്തിയാലിയെ ഇടിച്ചുവീഴ്ത്തി ഏഷ്യൻ സൂപ്പർ മിഡ്ൽവെയ്റ്റിൽ വിജേന്ദർ സിങ്ങിന് ഇരട്ടക്കിരീടം. ‘ബാറ്റിൽ ഗ്രൗണ്ട് ഏഷ്യ’ എന്നു വിളിച്ച ചാമ്പ്യഷിപ്പിന്റെ പത്തു റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ റഫറിമാർ ഐകകണ്ഠ്യേന വിജേന്ദറിനെ ഏഷ്യ- പസഫിക് സൂപ്പർ മിഡ്ൽവെയ്റ്റ്, ഡബ്ല്യു.ബി.ഒ ഓറിയൻറൽ ചാമ്പ്യനായി പ്രഖ്യാപിച്ചു.
പ്രഫഷനൽ ബോക്സിങ്ങിൽ അരങ്ങേറിയ ശേഷം തോൽവിയറിയാതെ കുതിക്കുന്ന ഇന്ത്യൻ താരത്തിന്റെ ഒമ്പതാം വിജയമാണിത്.ഇതോടെ ഏഷ്യ പസഫിക് കിരീടം നിലനിർത്തിയ വിജേന്ദർ, സുൽപികർ കൈവശംവെച്ച ഓറിയൻറിൽ ചാമ്പ്യൻപട്ടവും സ്വന്തമാക്കി.
പ്രായത്തില്‍ ഇളമുറക്കാരനാണെങ്കിലും മല്‍സര പരിചയത്തില്‍ വിജേന്ദറിനൊപ്പം നില്‍ക്കുന്ന താരമായിരുന്നു മെയ്‌മെയ്തിയാലി. വിജേന്ദര്‍ ശനിയാഴ്ചത്തെ മല്‍സരം ഉള്‍പ്പെടെ ഒന്‍പത് പോരാട്ടങ്ങള്‍ക്കിറങ്ങിയപ്പോള്‍ ചൈനീസ് താരം ഒരെണ്ണം കൂടുതല്‍. പക്ഷേ, റൗണ്ടുകളുടെ എണ്ണത്തില്‍ വിജേന്ദറായിരുന്നു മുന്നില്‍.