ന്യൂഡല്‍ഹി: സഹതാപത്തിന് ദുഃഖത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് മാത്രമല്ല പലപ്പോഴും കൂടുതല്‍ വിഷാദത്തിലേക്ക് കടത്തി വിടുകയും ചെയ്യും. പറയുന്നത് ഇന്ത്യന്‍ താരം വിജയ് ശങ്കറാണ്. ഇന്ത്യയുടെ നിദാഹാസ് ട്രോഫി വിജയം ആഘോഷിക്കപ്പെടുമ്പോള്‍ തല കുനിച്ചു നില്‍ക്കേണ്ടി വന്നവന്‍.

അവസാന പന്തില്‍ സിക്‌സര്‍ പായിച്ച് ദിനേശ് കാര്‍ത്തിക് ഇന്ത്യയുടെ ഹീറോയായപ്പോള്‍ 27 കാരനായ പുതുമുഖം തന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ ആരാധകരുടേയും സോഷ്യല്‍ മീഡിയയുടേയും തെറി കേട്ടു കൊണ്ടിരിക്കുകയാണ്. 17 പന്തില്‍ നിന്നും 19 റണ്‍സ് മാത്രമെടുക്കാനേ വിജയ് ശങ്കറിന് സാധിച്ചിരുന്നുള്ളൂ. 18-ാം ഓവറിലെ തുടരെ തുടരെയുള്ള നാല് ഡോട്ട് ബോളുകളും അതില്‍ പെടും. നിർണായക ഘട്ടത്തില്‍ ഇഴഞ്ഞ താരത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ആരാധകരില്‍ നിന്നുമുയര്‍ന്നത്.

”ഞാന്‍ കടന്നു പോകുന്നത് ഏത് അവസ്ഥയിലൂടെയാണെന്ന് വ്യക്തമായി അറിയുന്നത് കൊണ്ട് എന്റെ മാതാപിതാക്കളോ അടുത്ത സുഹൃത്തുക്കളോ ഒന്നും പറഞ്ഞില്ല. പക്ഷെ, സാരമില്ല സോഷ്യല്‍ മീഡയയില്‍ പറയുന്നതിനെ കുറിച്ച് കാര്യമാക്കേണ്ട എന്നൊക്കെ പറഞ്ഞ് ചിലര്‍ മെസേജ് അയക്കാറുണ്ട്. സഹതാപം കാണിക്കാനുള്ള മാർഗം അതാണെന്നാണ് അവര്‍ വിചാരിച്ചിരിക്കുന്നത്. മുന്നോട്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ ഇതൊന്നും ഉപകരിക്കില്ലെന്നതാണ് വാസ്തവം’ താരം പറയുന്നു.

ഫൈനലിലെ പ്രകടനത്തെ മാറ്റി നിര്‍ത്തിയാല്‍ മികച്ചൊരു ടൂര്‍ണമെന്റായിരുന്നു വിജയ് ശങ്കറിനെ സംബന്ധിച്ച് നിദാഹാസ് ട്രോഫി. ”അതെനിക്കൊരു മോശം ദിനമായിരുന്നു. പക്ഷെ മറക്കാന്‍ സാധിക്കുന്നില്ല. ഫൈനല്‍ വരെ മികച്ചൊരു ടൂര്‍ണമെന്റായിരുന്നു എനിക്കത്. എല്ലാം മറന്ന് മുന്നോട്ട് പോകണമെന്ന് എനിക്കറിയാം’ താരം കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ വളരെ പക്വതയോടെയാണ് വിജയ് നേരിടുന്നത്.

”നിങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഇതുപോലുള്ള സംഭവങ്ങളുണ്ടാകുമെന്ന് അംഗീകരിക്കാന്‍ തയ്യാറാകണം. ഒരുപക്ഷെ ഞാനായിരുന്നു കളി ജയിപ്പിച്ചിരുന്നതെങ്കില്‍ സോഷ്യല്‍ മീഡിയ എന്നെ പാടി പുകഴ്ത്തുമായിരുന്നു. പക്ഷെ സംഭവിച്ചത് നേരെ മറിച്ചാണ്. ഇതും വളര്‍ച്ചയുടെ ഭാഗമാണ്.’

എന്നാല്‍ കളിയിലെ താരമാകാനുള്ള സുവർണാവസരമാണ് തനിക്ക് നഷ്ടമായതെന്നും വിജയ് ശങ്കര്‍ പറയുന്നു. എല്ലാവരും മൽസരശേഷം വിജയം ആഘോഷിക്കുമ്പോള്‍ താന്‍ നഷ്ടപ്പെട്ട അവസരത്തെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നതെന്നും മൽസരം ഫിനിഷ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ഹീറോ ആകുമായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ വെല്ലുവിളികളെ ഏറ്റെടുക്കാനും മുന്നോട്ട് പോകാനുമാണ് തനിക്കിഷ്ടമെന്നും വിജയ് വ്യക്തമാക്കുന്നു.

അവസാന ഓവറുകളിലെ ഡോട്ട് ബോളുകളുടെ പേരിലായിരുന്നു വിജയ് ഏറ്റവും കൂടുതല്‍ പഴി കേട്ടത്. അതിനെ കുറിച്ച് താരത്തിന് പറയാനുള്ളത് ഇതാണ്.

”സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലേയോ വിജയ് ഹസാരെ ട്രോഫിയിലേയോ എന്റെ ബാറ്റിങ് നോക്കിയാല്‍ കാണാം ഞാന്‍ അധികം ഡോട്ട് ബോളുകള്‍ വരുത്താറില്ലെന്ന്. ആ ഓവറില്‍ മുഷ്തഫിസൂര്‍ റഹ്മാന്‍ ശരിയ്ക്കും നന്നായി പന്തെറിയുകയായിരുന്നു.’

ഡോട്ട് ബോളുകളുടെ പേരില്‍ വിജയിയെ വിമര്‍ശിക്കുന്നവര്‍ അതിന് പിന്നാലെ താരം നേടിയ ബൗണ്ടറിയെ കാണാതെ പോവുകയാണ്. ദിനേശ് കാര്‍ത്തിക്കിന്റെ തന്നെ ഉപദേശമാണ് യുവതാരത്തിന് ആ ബൗണ്ടറി നേടാനായത്. ബാലന്‍സ് നഷ്ടമാകാതെ തന്നെ ബാറ്റ് ചെയ്യാനായിരുന്നു ദിനേശ് കാര്‍ത്തിക് നല്‍കിയ നിര്‍ദ്ദേശം അത് പാലിച്ചതു കൊണ്ടാണ് തനിക്ക് ബൗണ്ടറി നേടാന്‍ സാധിച്ചതെന്നും വിജയ് പറയുന്നു.

പ്രതിഭകളെ കൊണ്ട് സമ്പന്നമായ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാവുക എന്നത് ഇന്ന് ഏതൊരു പുതിയ താരത്തെ സംബന്ധിച്ചും ഏറെ പ്രയാസമുള്ള കാര്യമാണ്. വിജയ് ശങ്കറിനെ ലങ്കന്‍ പര്യടനത്തിന്റെ ഭാഗമാക്കുന്നത് തന്നെ അദ്ദേഹത്തിന്റെ ഓള്‍ റൗണ്ട് പ്രകടനമാണ്. ബാറ്റു കൊണ്ടും പന്തുകൊണ്ട് ടീമിന് ഗുണമാകുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കൊരു പകരക്കാരന്‍. എന്നാല്‍ പാണ്ഡ്യയുടെ പകരക്കാരനാകുന്നതില്‍ തനിക്ക് വിഷമമില്ലെന്നും ടീമിനായി കളിക്കാനുള്ള അവസരമാണ് പ്രധാനമെന്നും വിജയ് പറയുന്നു.

വരാനിരിക്കുന്ന ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായ വിജയ് ശങ്കര്‍ ടീം ഇന്ത്യയിലുള്ള തന്റെ സ്ഥാനം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ