ഹൈദരാബാദ്: ഇന്ത്യൻ ദേശീയ ടീമിലെ ശ്രദ്ധേയ സാന്നിധ്യമായ ഓൾറൗണ്ടർ വിജയ് ശങ്കർ വിവാഹിതനായി. വൈശാലി വിശ്വേശരനാണ് വധു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
വിജയ് ശങ്കറിന്റെ ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദാണ് താരത്തിന്റെ വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. താരത്തിന് സന്തോഷകരവും അനുഗ്രഹീതവുമായ വിവാഹജീവിതം ആശംസിക്കുന്നതായി സൺറൈസേഴ്സ് ഹൈദരാബാദ് എഴുതി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 20നായിരുന്നു വിജയ് ശങ്കർ വിവാഹ നിശ്ചയം കഴിഞ്ഞതായി അറിയിച്ചത്. വൈശാലിയുടെ ചിത്രങ്ങൾക്കൊപ്പം മോതിരത്തിന്രെ സ്മൈലിയും ഉൾക്കൊള്ളിച്ചായിരുന്നു അന്ന് താരത്തിന്റെ പോസ്റ്റ്.
ഇന്ത്യൻ താരങ്ങളായ കെ.എൽ രാഹുൽ, യുസ്‌വേന്ദ്ര ചാഹൽ, കരുൺ നായർ എന്നിവർ വിജയ് ശങ്കറിന് ആശംസകൾ നേർന്നു. 2018ൽ ദേശീയ ടീമിന്റെ ഭാഗമായ വിജയ് ശങ്കർ 2019 ഏകദിന ലോകകപ്പിലും ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിരുന്നു.