ലണ്ടന്‍: കളിക്കളത്തില്‍ തന്റെ വികാരം അധികം പ്രകടമാക്കാത്ത താരമാണ് വിജയ് ശങ്കര്‍. വികാരത്തിന് മുകളിലുള്ള ഈ നിയന്ത്രണമാണ് വിജയ് ശങ്കറിനെ ഏത് സ്ഥാനത്തും പരീക്ഷിക്കാന്‍ സാധ്യമാകുന്ന താരമാക്കുന്നതും.

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറായാണ് വിജയ് ശങ്കറിനെ ടീമിലെടുത്തിരിക്കുന്നത്. അനുഭവ സമ്പത്തുള്ള അമ്പാട്ടി റായിഡുവിനെ തഴഞ്ഞാണ് ശങ്കറിനെ ടീമിലെടുത്തത്. പിന്നാലെ റായിഡു തന്റെ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഗൗരവ്വ് കപൂര്‍ അവതരിപ്പിക്കുന്ന ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സില്‍ പങ്കെടുക്കവെ റായിഡുവിന്റെ ത്രിഡി പരാമര്‍ശത്തില്‍ വിജയ് ശങ്കര്‍ പ്രതികരിക്കുകയുണ്ടായി. ടീമില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍ താരങ്ങള്‍ക്ക് വേദനയുണ്ടാകുമെന്നും റായിഡുവിന് തന്നോട് വിദ്വേഷമുണ്ടാകില്ലെന്നുമായിരുന്നു ശങ്കറിന്റെ മറുപടി.

”’ടീമില്‍ എടുക്കാതിരിക്കുമ്പോള്‍ താരങ്ങള്‍ക്ക് അനുഭവപ്പെടുന്ന അവസ്ഥ എനിക്കറിയാം. ഒരു താരമെന്ന നിലയില്‍ എനിക്കത് മനസിലാക്കാന്‍ സാധിക്കും. അതുപോലെ തന്നെ റായിഡു എനിക്കെതിരെ ഒന്നും തന്നെ ഉദ്ദേശിച്ചിരുന്നില്ലെന്നും എനിക്ക് മനസിലാകും. അവന്‍ കടന്നു പോയ അവസ്ഥ എനിക്ക് മനസിലാകും. ഏതൊരു ക്രിക്കറ്റ് താരത്തിനും അത് മനസിലാക്കാവുന്നതേയുള്ളൂ” എന്നായിരുന്നു റായിഡുവിന്റെ ട്വീറ്റിനെ കുറിച്ചുള്ള വിജയ് ശങ്കറിന്റെ മറുപടി.

വിജയ് ശങ്കര്‍ ഓള്‍ റൗണ്ടറാണെന്നും അതിനാലാണ് ലോകകപ്പ് ടീമിലെടുത്തതെന്നുമായിരുന്നു സെല്കഷന്‍ സമിതി നേരത്തെ പറഞ്ഞത്. ഇതിനെ പരിഹസിച്ചു കൊണ്ട് റായിഡു ട്വീറ്റ് ചെയ്തിരുന്നു. ലോകകപ്പ് കാണാനായി താനൊരു ത്രിഡി കണ്ണടയ്ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നായിരുന്നു റായിഡുവിന്റെ ട്വീറ്റ്. ഇതിലാണ് ഇപ്പോള്‍ വിജയ് ശങ്കര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ വിജയ് ശങ്കറിന് ആദ്യ പരിശീലന മത്സരത്തിന് മുമ്പായി കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ത്യയുടെ നാലാം സ്ഥാനത്തെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കെ ശങ്കറിന് പരുക്കേറ്റത് ഇന്ത്യയുടെ പദ്ധിതകള്‍ക്ക് ഒരുപക്ഷെ തിരിച്ചടിയായേക്കാം.

വിരാട് കോഹ്ലി നയിക്കുന്ന ടീമിന് വീണ്ടും ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ സാധിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. അതിനുള്ള എല്ലാ പ്രതിഭയും ഇന്ത്യന്‍ നിരയിലുണ്ട്. ലോക ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുമുണ്ട്. ഈ ലോകകപ്പിനെത്തുന്ന ടീമുകളില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ളവരില്‍ ഏറ്റവും മുന്നിലുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ സമ്മര്‍ദ്ദവും ടീമിനു മേലുണ്ട്. അതിനെക്കൂടി അതിജീവിച്ച് വേണം വിരാടും സംഘവും ഇംഗ്ലണ്ടിലിറങ്ങുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook