ലണ്ടന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയ പിടികിട്ടാപുളളിയും മദ്യവ്യവസായിയും ആയിരുന്ന വിജയ് മല്യയെ കൂകിവിളിച്ച് ഇന്ത്യന്‍ ആരാധകര്‍. ഓവല്‍ സ്റ്റേഡിയത്തിന് അകത്തേക്ക് വരുന്നതിനിടെയാണ് വിജയ് മല്യയെ കളളനെന്ന് വിളിച്ച് ആരാധകര്‍ പ്രതിഷേധിച്ചത്.

“മല്യ ഒരു കളളനാണ്, അയാളൊരു കളളനാണ്” എന്ന വാചകങ്ങള്‍ കാണികള്‍ ഒന്നടങ്കം ഏറ്റുവിളിച്ചു. കഴിഞ്ഞദിവസം ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാൻ എഡ്ജ് ബാസ്റ്റണിലും മല്യ എത്തിയിരുന്നു. അന്ന് മുൻ ഇന്ത്യൻ ക്യാപ്ടനും കമന്റേറുമായ സുനിൽ ഗാവസ്കർക്കൊപ്പം മല്യ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഐ.പി.എൽ ടീം ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്റെ ഉടമയായിരുന്ന മല്യയ്ക്ക് എഡ്ജ് ബാസ്റ്റണിലെ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ മാത്രമല്ല പിച്ചിൽ കടക്കാനുള്ള പാസും ഉണ്ടായിരുന്നു . അന്ന് പ്രമുഖർക്കൊപ്പമിരുന്നാണ് മല്യ കളി കണ്ടത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2016 മാർച്ചിലാണ് മല്യ ഇന്ത്യ വിട്ടത്. കിംഗ്ഫിഷർ എയർലൈൻസിനായി ഐ.ഡി.ബി.ഐ ബാങ്കിൽനിന്നെടുത്തതുൾപ്പെടെ 9000 കോടിരൂപയായിരുന്നു മല്യ കുടിശിക വരുത്തിയിരുന്നത്. ലണ്ടനിലേക്ക് പോയ മല്യയെ കഴിഞ്ഞ ഏപ്രിൽ 18ന് സ്കോട്ട്ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കി അൽപ്പസമയത്തിനകം ജാമ്യമെടുത്ത് പുറത്തിറങ്ങി. മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook