ലണ്ടൻ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് ശേഖരണത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്ലിയുടെ പേരിൽ സംഘടിപ്പിച്ച വിരാട് ‘കൊഹ്ലിസ് ചാരിറ്റി ബോൾ’ എന്ന പരിപാടിയിൽ വിവാദ വ്യവസായി വിജയ് മല്യയും പങ്കെടുത്തു. മല്യ പരിപാടിയിലേക്കെത്തുന്ന വീഡിയോ പുറത്ത് വന്നു. ജസ്റ്റിസ് ആന്റ് കെയർ എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ ടീമംഗങ്ങളും പരിശീലകൻ അനിൽ കുബ്ലെ അടക്കമുള്ള ഒഫീഷ്യൽസും പങ്കെടുത്ത ചടങ്ങിലായിരുന്നു മല്യയുടെ സാന്നിധ്യം. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറും ചടങ്ങിനെത്തിയിരുന്നു. വിഐപി നിരയിൽ തന്നെയായിരുന്നു മല്യയുടേയും ഇരിപ്പിടം.

വിരാട് കൊഹ്ലിയുടെ ഐപിഎൽ ടീമായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മുൻ ഉടമ കൂടിയായ വിജയ് മല്യ ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം കാണാൻ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിൽ എത്തിയത് വലിയ വിവാദമായിരുന്നു. ഇന്ത്യ-പാക് മത്സരത്തിൽ വിജയ് മല്യ സ്റ്റേഡിയത്തിലിരുന്നു മത്സരം കാണുന്നതിന്‍റെയും സുനിൽ ഗവാസ്കറുമായി സംസാരിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് പുറത്തുവന്നത്.

എന്നാൽ സംഭവം വൻ വിവാദമായതോടെ താൻ ഇനിയും ഇന്ത്യയുടെ കളി കാണാനെത്തുമെന്ന വെല്ലുവിളിയുമായി മല്യ രംഗത്തെത്തിയിരുന്നു. എജ്ബാസ്റ്റണിൽ താനെത്തിയതു സംബന്ധിച്ച് വലിയ വാർത്താ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്. തുടർന്നുള്ള ഇന്ത്യയുടെ എല്ലാ മത്സരങ്ങളും കാണാനും കളിക്കാരെ സന്തോഷിപ്പിക്കാനും താൻ എത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയതാണ് മല്യ. ബ്രിട്ടൻ പോലീസായ സ്കോട്‌ലൻഡ് യാർഡിന്‍റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കണ്‍സോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. മല്യ രാജ്യം വിട്ടതും തിരിച്ചു ഇന്ത്യയിലേക്ക് കൊണ്ട് വരാനാകാത്തതും മോദി സർക്കാറിന് തിരിച്ചടിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ