ജയ്‌പൂർ: വിജയ് ഹസാരെ ട്രോഫിയിൽ കലക്കൻ പ്രകടനവുമായി പൃഥ്വി ഷാ. പുതുച്ചേരിക്കെതിരായ മത്സരത്തിൽ മുംബൈ താരം പൃഥ്വി ഷാ ഇരട്ട സെഞ്ചുറി നേടി. വിമർശകർക്കുള്ള മറുപടിയായിരുന്നു ഷായുടെ ഇന്നിങ്സ്. ഓപ്പണറായി ബാറ്റിങ്ങിനെത്തിയ പൃഥ്വി ഷാ 152 പന്തുകളിൽ നിന്ന് 31 ഫോറും അഞ്ച് സിക്‌സും സഹിതം 227 റൺസുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യരുടെ അഭാവത്തിൽ മുംബൈയെ നയിക്കുന്നതും പൃഥ്വി ഷാ തന്നെ.
ഫോംഔട്ടിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നു പുറത്താക്കപ്പെട്ട സാഹചര്യത്തിലാണ് പൃഥ്വി ഷായുടെ ഈ കലക്കൻ ഇന്നിങ്സ് എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ മുംബൈയ്‌ക്കായി ഷാ സെഞ്ചുറി നേടിയിരുന്നു. മോശം ഷോട്ടുകൾക്കായി ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുന്ന താരമെന്ന വിമർശനം പൃഥ്വി ഷായ്‌ക്കെതിരെ ഉയർന്നിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പര്യടനത്തിൽ അവസരം ലഭിച്ചെങ്കിലും കാര്യമായ പ്രകടനം നടത്താൻ താരത്തിനു സാധിച്ചിരുന്നില്ല. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇങ്ങനെയൊരു സാഹചര്യത്തിൽ വിജയ് ഹസാരെ ട്രോഫിയിലെ പൃഥ്വി ഷായുടെ പ്രകടനം അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ സൂചനയാണ്.
Read Also: അടിയും തിരിച്ചടിയും, ഒടുവിൽ ഓസീസ് വീണു; ആവേശ പോരാട്ടത്തിൽ ന്യൂസിലൻഡിന് ജയം
അതേസമയം, ഇന്നത്തെ മത്സരത്തിൽ പൃഥ്വി ഷായ്‌ക്കൊപ്പം ഇന്ത്യൻ ടീമിലേക്ക് ആദ്യമായി ക്ഷണം ലഭിച്ച സൂര്യകുമാർ യാദവിന്റെ ഇന്നിങ്സും ശ്രദ്ധേയമായി. 58 പന്തിൽ 133 റൺസാണ് സൂര്യകുമാർ യാദവ് അടിച്ചെടുത്തത്. 22 ഫോറും നാലു സിക്‌സും ഉൾപ്പെടുന്നതാണ് സൂര്യകുമാറിന്റെ വെടിക്കെട്ട് ഇന്നിങ്സ്. മൂന്നാം വിക്കറ്റിൽ പൃഥ്വി ഷാ-സൂര്യകുമാർ സഖ്യം ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. വെറും 91 പന്തുകളിൽ നിന്ന് ഇരുവരും ഒരുമിച്ച് ചേർന്ന് 201 റൺസാണ് നേടിയത്. നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 457 റൺസാണ് പുതുച്ചേരിക്കെതിരെ മുംബൈ നേടിയത്. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്.