ബാംഗ്ലൂർ: വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായ രണ്ടാം ജയവുമായി കേരളം. ഉത്തർപ്രദേശിനെ മൂന്ന് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. തകർപ്പൻ ഫോമിലുള്ള ഓപ്പണർ റോബിൻ ഉത്തപ്പയുടെ ബാറ്റിങ്ങാണ് ഇത്തവണയും കേരളത്തിന്റെ വിജയഅനായാസമാക്കിയത്. അഞ്ച് വിക്കറ്റുമായി തിളങ്ങിയ ശ്രീശാന്തിന്റെ പ്രകടനവും നിർണായകമായി. ഉത്തർപ്രദേശ് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം ഏഴ് പന്തും മൂന്ന് വിക്കറ്റും ബാക്കിനിൽക്കെ കേരളം മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ വിഷ്ണു വിനോദിനെ നഷ്ടമായത് കേരളത്തിന് തിരിച്ചടിയായെങ്കിലും സഞ്ജു സാംസണിനെ കൂട്ടുപിടിച്ച് ഉത്തപ്പ കേരള ഇന്നിങ്സിനെ അടിത്തറ പാകി. സഞ്ജുവിനെ ഒരറ്റത്ത കാഴ്ചക്കാരനാക്കി നിർത്തിയായിരുന്നു മുതിർന്ന താരത്തിന്രെ വെടിക്കെട്ട് ഇന്നിങ്സ്. 55 പന്തിൽ എട്ട് ഫോറും നാല് സിക്സും അടക്കം 81 റൺസെടുത്ത ഉത്തപ്പ രണ്ടാം വിക്കറ്റിൽ സഞ്ജുവിനൊപ്പം ചേർന്ന് സെഞ്ചുറികൂട്ടുകെട്ടും തീർത്തു.

ശിവം ശർമ എറിഞ്ഞ 18-ാം ഓവറിലാണ് താരം പുറത്തായത്. അടുത്ത ഓവറിൽ സഞ്ജുവും മടങ്ങിയതോടെ കേരളത്തിന് ഇരട്ടി പ്രഹരമായി. എന്നാൽ മുന്നിൽ നിന്ന് നയിച്ച നായകൻ സച്ചിൻ ബേബി കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ പായിച്ചും റൺസ് കണ്ടെത്തിയും കേരള സ്കോർബോർഡ് ചലിപ്പിച്ചു. 30 റൺസെടുത്ത വത്സൽ ഗോവിന്ദും മികച്ച പിന്തുണ നൽകി. സച്ചിൻ 76 റൺസ് നേടി. വാലറ്റത്ത് ജലജ് സക്സേനയുടെ പ്രകടനമാണ് കേരളത്തെ വിജയത്തിലെത്തിച്ചത്.

ഉത്തർപ്രദേശ് നിരയിൽ അഭിഷേക് ഗോസ്വാമി, അക്ഷ്ദീപ് നാഥ്, പ്രിയം ഗാർഗ് എന്നിവരുടെ അർധസെഞ്ചുറി പ്രകടനമാണ് ഉത്തർപ്രദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വലിയൊരു ഇടവേളയ്‌ക്ക് ശേഷം അഞ്ച് വിക്കറ്റ് പ്രകടനവുമായി താരമായിരിക്കുകയാണ് ശ്രീശാന്ത്. ലിസ്റ്റ് എ ഫോർമാറ്റിൽ 15 വർഷങ്ങൾക്ക് ശേഷമാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ചവയ്‌ക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയിൽ ഗ്രൂപ്പ് സിയിലാണ് കേരളവും ഉത്തർപ്രദേശും. ബെംഗളൂരുവിലെ കെഎസ്‌സിഎ സ്റ്റേഡിയത്തിലാണ് ഉത്തർപ്രദേശിന്റെ അഞ്ച് വിക്കറ്റുകൾ ശ്രീ വീഴ്‌ത്തിയത്. 9.3 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശിന്റെ ഇന്നിങ്സ് 49.4 ഓവറിൽ 283 ന് അവസാനിച്ചു. ഉത്തർപ്രദേശ് ഓപ്പണർ അഭിഷേക് ഗോസ്വാമി (63 പന്തിൽ 54​റൺസ്), അക്ഷ്‌ദീപ് നാഥ് (60 പന്തിൽ 68) എന്നിവരുടെ ഉൾപ്പെടെ അഞ്ച് വിക്കറ്റുകളാണ് ശ്രീശാന്ത് നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook