ബാംഗ്ലൂർ: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. ഒഡിഷയ്ക്കെതിരായ മത്സരത്തിൽ 34 റൺസിനാണ് ജയം സ്വന്തമാക്കിയത്. ഡക്ക് വർത്ത് ലൂയിസ് നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിന്റെ വിജയം. ഓപ്പണർ ഉത്തപ്പ സെഞ്ചുറി നേടി. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തപ്പോള്‍ കേരളം 38.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തുനില്‍ക്കെ മഴ കളി തടസപ്പെടുത്തുകയായിരുന്നു.
അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ ഗൗരവ് ചൗദരിയുടെയും സന്ദീപ് പട്ടാനായ്ക്കിന്റെയും പ്രകടനമാണ് ഒഡിഷയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഗൗരവ് 57 റൺസും സന്ദീപ് 66 റൺസും സ്വന്തമാക്കി. 45 റൺസെടുത്ത കാർത്തിക് ബിസ്വാൾ പുറത്താകാതെ നിന്നു.
കേരളത്തിനുവേണ്ടി ശ്രീശാന്ത് മികച്ച ബോളിങ് പ്രകടനമാണ് പുറത്തെടുത്തത്. എട്ട് ഓവറിൽ 41 റൺസ് വഴങ്ങി താരം രണ്ട് വിക്കറ്റും സ്വന്തമാക്കി. നിധീഷും ജലജ് സക്സേനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നായകൻ സച്ചിൻ ബേബിക്ക് ഒരു വിക്കറ്റും ലഭിച്ചു.
മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് ഉത്തപ്പയും വിഷ്ണു വിനോദും കേരളത്തിന് നൽകിയത്. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം തകർത്തത് കനോജിയ ആയിരുന്നു. 28 റൺസെടുത്ത വിഷ്ണു 9-ാം ഓവറിൽ പുറത്ത്. പിന്നാലെ എത്തിയ നാല് റൺസുമായി മടങ്ങിയതോടെ കേരളം സമ്മർദ്ദത്തിലായി. എന്നാൽ നായകൻ സച്ചിനെ കൂട്ടുപിടിച്ച് ഉത്തപ്പ മുന്നേറി. 85 പന്തിൽ പത്ത് ഫോറും നാല് സിക്സും അടക്കം ഉത്തപ്പ 107 റൺസെടുത്തപ്പോൾ 40 റൺസായിരുന്നു സച്ചിന്റെ സമ്പാദ്യം. 29 റൺസെടുത്ത വത്സലും 23 റൺസുമായി അസ്ഹറുദീനും പുറത്താകാതെ നിന്നും.