ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ രണ്ടാം മത്സരത്തിലും കേരളത്തിന് തോൽവി. സൗരഷ്ട്രയോട് മൂന്ന് വിക്കറ്റിനാണ് കേരളം തോൽവി വഴങ്ങിയത്. ഔട്ട്ഫീൾഡ് നനഞ്ഞതിനെ തുടർന്ന് 34 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. കേരളം ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം സൗരാഷ്ട്ര രണ്ട് പന്ത് ബാക്കി നിൽക്കെ മറികടന്നു.

Also Read: സ്വന്തം താത്പര്യത്തിനനുസരിച്ച് മാത്രം പരമ്പരകള്‍ തിരഞ്ഞെടുക്കാന്‍ പറ്റില്ല; ധോണിക്കെതിരെ ഗംഭീര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം ഭേദപ്പെട്ടതായിരുന്നു. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് കേരളം 186 റൺസെടുത്തത്. വിനൂപ് മനോഹരൻ 47 റൺസും വിഷ്ണു വിനോദ് 41 റൺസും സ്വന്തമാക്കി. എന്നാൽ മുതിർന്ന താരവും ടീമിന്റെ ഉപനായകനുമായ സഞ്ജു സാംസൺ 16 റൺസ് മാത്രമാണ് സ്വന്തമാക്കിയത്. നായകൻ റോബിൻ ഉത്തപ്പ അഞ്ച് റൺസിനും സച്ചിൻ ബേബി 26 റൺസിനും പുറത്തായി. പിന്നാലെ എത്തിയവരും ടീം സ്കോറിലേക്ക് സംഭാവന ചെയ്യാതെ വന്നതോടെയാണ് ടീം കേരള ഇന്നിങ്സ് 186 റൺസിൽ അവസാനിച്ചു.

മറുപടി ബാറ്റിങ്ങിൽ സൗരാഷ്ട്ര താരം അപ്രിത് വസവയുടെ തകർപ്പൻ ഇന്നിങ്സ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. പുറത്താകതെ 92 റൺസാണ് താരം സ്വന്തമാക്കിയത്. പ്രേരക മങ്കാദും ഹർവിക് ദേശായ്യും മികച്ച പിന്തുണ നൽകിയതോടെ സൗരാഷ്ട്ര ജയം സ്വന്തമാക്കി. കേരളത്തിന് വേണ്ടി എ.എം.ആസിഫ്, സന്ദീപ് വാര്യർ, ബേസിൽ തമ്പി എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

Also Read: റൊണാൾഡോയോ, മെസിയോ? മികച്ച താരത്തെ തിരഞ്ഞെടുത്ത് വിരാട് കോഹ്‌ലി

വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെതിരായ കേരളത്തിന്റെ ആദ്യ മൽസരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഒരുപന്തുപോലും എറിയാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook