ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ മൂന്നാം മത്സരത്തിലും കേരളത്തിന് തോൽവി. 60 റൺസിന് കർണാടകയോടാണ് കേരളം തോൽവി വഴങ്ങിയത്. കർണാടക ഉയർത്തിയ 295 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരള ഇന്നിങ്സ് 234 റൺസിൽ അവസാനിച്ചു. മികച്ച തുടക്കം ലഭിച്ച കേരളത്തിന്റെ മധ്യനിരയും വാലറ്റവും ചീട്ടുകൊട്ടാരം പോലെ തകർന്നതാണ് ടീമിനെ തോൽവിയിലേക്ക് നയിച്ചത്.
കെ.എൽ.രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് കർണാടക 294 റൺസെന്ന മികച്ച സ്കോറിലെത്തിയത്. 122 പന്തിൽ 131 റൺസാണ് താരം സ്വന്തമാക്കിയത്. 50 റൺസുമായി നായകൻ മനീഷ് പാണ്ഡെയും ടീമിന് മികച്ച പിന്തുണ നൽകി. കേരളത്തിന് വേണ്ടി ബേസിൽ തമ്പി, കെ.എം.ആസിഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
Also Read: എനിക്ക് പറ്റിയ തെറ്റ് നീ ആവര്‍ത്തിക്കരുത്; രോഹിത് ശര്‍മ്മയ്ക്ക് ലക്ഷ്മണിന്റെ ഉപദേശം
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലെ വിനൂപിനെ നഷ്ടമായ കേരളത്തെ വിഷ്ണു വിനോദും സഞ്ജു സാംസണും ചേർന്ന് കരകയറ്റുകയായിരുന്നു. വിഷ്ണു സെഞ്ചുറിയും സഞ്ജു അർധസെഞ്ചുറിയും തികച്ചു. രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് സഞ്ജു പുറത്തായത്. 66 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പടെ 67 റൺസാണ് സഞ്ജു സ്വന്തമാക്കിയത്. എന്നാൽ പിന്നാലെ വന്ന നായകൻ റോബിൻ ഉത്തപ്പയുൾപ്പടെ ആർക്കും വിഷ്ണുവിന് മികച്ച പിന്തുണ നൽകാനായില്ല. ഒമ്പതാമനായി വിഷ്ണുവും പുറത്തായതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. 123 പന്തിൽ 104 റൺസാണ് വിഷ്ണു നേടിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൗരഷ്ട്രയോട് കേരളം തോൽവി വഴങ്ങിയിരുന്നു. മൂന്ന് വിക്കറ്റിനാണ് സൗരാഷ്ട്രയോട് കേരളം പരാജയപ്പെട്ടത്. ഔട്ട്ഫീൾഡ് നനഞ്ഞതിനെ തുടർന്ന് 34 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. കേരളം ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം സൗരാഷ്ട്ര രണ്ട് പന്ത് ബാക്കി നിൽക്കെ മറികടന്നു.