ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം പുറത്ത്. സര്‍വീസസിനോടാണ് കേരളം പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയെ കേരളം 175 റണ്‍സിന് പുറത്തായി. 115 പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിന്റെ ഉജ്വല ജയത്തോടെ സര്‍വീസസ് സെമി ഫൈനലില്‍ കടന്നു.
പതിയെയായിരുന്നു കേരളത്തിന്റെ തുടക്കം. എന്നാല്‍ ഏഴാം ഓവറില്‍ ദിവേഷ് പത്താനിയക്ക് മുന്നില്‍ അസ്രുദീനും (7) ജലജ് സക്സേനയും (0) വീണു. എന്നാല്‍ രോഹന്‍ കുന്നുമ്മലും വി മനോഹരനും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്തു. മനോഹരന്റെ (41) വിക്കറ്റ് വീണതോടെയാണ് തകര്‍ച്ചയ്ക്ക് തുടക്കമായത്.
പിന്നാലെ എത്തിയ സച്ചിന്‍ ബേബി (12), സഞ്ജു സാംസണ്‍ (2), വിഷ്ണു വിനോദ് (4), സിജോമോന്‍ (9), മനുകൃഷ്ണന്‍ (4), ബേസില്‍ തമ്പി (0), നിധീഷ് (0) എന്നിവര്‍ അതിവേഗം മടങ്ങി. 85 റണ്‍സ് നേടിയ രോഹന്‍ മാത്രമാണ് കേരളത്തിനായി പൊരുതിയത്. സര്‍വീസസിനായി ദിവേഷ് മൂന്നും അഭിഷേക് തീവാരി, പുല്‍കിത് നരങ്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
175 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. സര്‍വീസസ് സ്കോര്‍ 12 ല്‍ നില്‍കെ ലഖാന്‍ സിങ്ങിനേയും മുംതാസ് ഖാദിറിനേയും മനുകൃഷ്ണന്‍ പുറത്താക്കി. എന്നാല്‍ ഓപ്പണര്‍ രവി ചൗഹാന്‍ (95), നായകന്‍ ആര്‍. പലിവാല്‍ (65) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ അപകടങ്ങളില്ലാതെ സര്‍വീസസിനെ വിജയത്തിലെത്തിച്ചു.
Also Read: പോരാട്ടം തുടരാന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ചെന്നൈയിന്‍