ധർമശാല: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്‍റിൽ കേരളത്തിന് രണ്ടാം ജയം. ആവേശകരമായ മത്സരത്തിൽ ഡൽഹിയെ രണ്ട് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി 39.3 ഓവറിൽ 177 റണ്‍സ് ഓൾഔട്ടാവുകയായിരുന്നു. ഡൽഹിയുടെ സ്കോർ പിന്തുടർന്ന കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിൽ എത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ കേരളത്തിന്റെ പേസർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു. നാല് വിക്കറ്റ് എടുത്ത നിധീഷ് എം.ഡിയാണ് കേരളത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 71 റണ്‍സ് നേടിയ ദ്രുവ് ഷോരെയാണ് ഡൽഹിക്ക് പൊരുതാനുളള സ്കോർ സമ്മാനിച്ചത്.

ഡൽഹി ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം മറികടക്കാൻ കേരളത്തിനും വിയർപ്പൊഴുക്കേണ്ടി വന്നു. അർധസെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് കേരളത്തിന്റെ വിജയ ശിൽപ്പി. 52 റൺസാണ് സച്ചിന്റെ സമ്പാദ്യം. മുഹമ്മദ് അസ്ഹറുദ്ദീൻ 21 റണ്‍സോടെ പുറത്താകാതെ നിന്നു. സഞ്ജു സാംസണ്‍ (29), ജലജ് സക്സേന (26), വിഷ്ണു വിനോദ് (21) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡൽഹിക്ക് വേണ്ടി നവദീപ് സെയ്നി നാല് വിക്കറ്റ് വീഴ്ത്തി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ