scorecardresearch
Latest News

താരമായി താരെ; വിജയ് ഹസാരെ ട്രോഫിയില്‍ മുത്തമിട്ട് മുംബൈ

41 റൺസെടുത്ത ഹിമ്മദ് സിങിന് മാത്രമാണ് ഡൽഹി നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്

താരമായി താരെ; വിജയ് ഹസാരെ ട്രോഫിയില്‍ മുത്തമിട്ട് മുംബൈ

വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിയെ പരാജയപ്പെടുത്തി മുംബൈക്ക് കിരീടം. ഫൈനൽ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് മുംബൈ ഡൽഹിയെ പരാജയപ്പെടുത്തിയത്. ബോളർമാർ കളം നിറഞ്ഞ മത്സരത്തിൽ പക്ഷെ ആദിത്യ താരെയുടെ അർദ്ധസെഞ്ചുറി മികവിലാണ് മുംബൈ കിരീടമുയർത്തിയത്.

ടോസ് നേടിയ മുംബൈ ഡൽഹിയെ ബാറ്റിങിനയക്കുകയായിരുന്നു. ബാറ്റിങ് ആരംഭിച്ച ഡൽഹിക്ക് പക്ഷെ തുടക്കം തന്നെ പിഴച്ചു. സ്കോർ ബോർഡിൽ രണ്ട് റൺസ് ചേർത്തപ്പോഴെക്കും ക്യാപ്റ്റൻ ഗൗതം ഗംഭീർ പുറത്ത്. പിന്നാലെ കൃത്യമായ ഇടവേളകളിൽ മുംബൈ ബോളർമാർ വിക്കറ്റുകൾ വീഴ്ത്തികൊണ്ടിരുന്നു. 41 റൺസെടുത്ത ഹിമ്മദ് സിങിന് മാത്രമാണ് ഡൽഹി നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്.

45.4 ഓവറിൽ ടീം സ്കോർ 177 ൽ എത്തിയപ്പോഴെക്കും ഡൽഹി താരങ്ങൾ എല്ലാം പുറത്ത്. മുംബൈക്ക് വേണ്ടി ധവാൽ കുൽക്കർണി ശിവം ദുബെ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച മുംബൈയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് യുവതാരം പൃഥ്വി ഷാ പുറത്ത്. പിന്നാലെ എത്തിയ മുംബൈ താരങ്ങളും അതിവേഗം മടങ്ങി. എന്നാൽ അഞ്ചാം വിക്കറ്റിൽ ആദിത്യ താരെയും സിദ്ധേഷ് ലാദും ചേർന്ന് മുംബൈയെ കരകയറ്റുകയായിരുന്നു. 100 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. താരെ 71 റൺസും സിദ്ധേഷ് ലാദ് 48 റൺസും നേടി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Vijay hazare trophy final highlights mumbai win by four wickets

Best of Express