ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു ഹാട്രിക് ജയം. ഗ്രൂപ്പ് ‘സി’യിലെ ഇന്നത്തെ മത്സരത്തിൽ റെയിൽവേസിനെ കേരളം തോൽപ്പിച്ചു. വാശിയേറിയ പോരാട്ടത്തിൽ വെറും ഏഴ് റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. റെയിൽവേസ് അവസാനം വരെ പോരാടിയെങ്കിലും തോൽവി വഴങ്ങുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് നേടി. കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ബാറ്റിങ്ങിനിറങ്ങിയ റെയിൽവേസ് തുടക്കംമുതലേ അടിച്ചുകളിച്ചു. മറുപടി ബാറ്റിങ്ങിൽ 49.4 ഓവറിൽ 344 റൺസ് നേടിയെങ്കിലും വിജയത്തിനു ഏഴ് റൺസ് അകലെ റെയിൽവേസിന്റെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.
തുടർച്ചയായ മൂന്നാം ജയത്തോടെ 12 പോയിന്റുമായി കേരളം എലീറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. മൂന്നു മത്സരങ്ങളിൽനിന്ന് ആദ്യ തോൽവി വഴങ്ങിയ റെയിൽവേസാണ് രണ്ടാമത്. മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടു ജയവുമായി ഉത്തർപ്രദേശ് മൂന്നാമതുണ്ട്.
Read Also: മൊട്ടേരയിൽ മുട്ടിലിഴഞ്ഞ് ആതിഥേയർ; ഇംഗ്ലണ്ട് തകർച്ചയിലേക്ക്
ഓപ്പണർ റോബിൻ ഉത്തപ്പയുടെയും ഉപനായകൻ വിഷ്ണു വിനോദിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 104 പന്തിൽ എട്ടു ഫോറും അഞ്ച് സിക്സും സഹിതം ഉത്തപ്പ 100 റൺസെടുത്തപ്പോൾ, 107 പന്തുകൾ നേരിട്ട വിഷ്ണു വിനോദ് അഞ്ച് ഫോറും നാലു സിക്സും സഹിതം 107 റൺസെടുത്തു. 29 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 61 റൺസെടുത്ത കേരള നായകൻ സഞ്ജു സാംസണും മികച്ച പ്രകടനമാണ് നടത്തിയത്.
ഓപ്പണർ മൃണാൾ ദേവ്ധർ (80 പന്തിൽ 79), അരിന്ദം ഘോഷ് (62 പന്തിൽ 64), സൗരഭ് സിങ് (52 പന്തിൽ 50) എന്നിവരുടെ അർധസെഞ്ചുറികളിലൂടെയാണ് റെയിൽവേസ് തിരിച്ചടിക്കാൻ ആരംഭിച്ചത്. അവസാന ഓവറുകളിൽ ഹർഷ് ത്യാഗിയും (32 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 58), അമിത് മിശ്ര (10 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 23) എന്നിവരും റെയിൽവേസിനായി തകർത്തടിച്ചു.