Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

വിജയ് ഹസാരെ ട്രോഫി: നാലാം ജയം; കേരളം ക്വാര്‍ട്ടറില്‍

22 ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍

Sachin Baby, Vijay Hazare Trophy
ഉത്തരഖണ്ഡിനെതിരെ 83 റണ്‍സ് നേടിയ സച്ചിന്‍ ബേബി Photo: Kerala Cricket Association

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ഡിയില്‍ അഞ്ച് കളികളില്‍ നാലും ജയിച്ച് ചാമ്പ്യന്മാരായാണ് കേരളത്തിന്റെ കുതിപ്പ്. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഉത്തരാഖണ്ഡിനെ 86 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കേരളം പരാജയപ്പെടുത്തിയത്. ഇതോടെ നെറ്റ് റണ്‍ റേറ്റ് ഉയരുകയും, ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിക്കാനും ടീമിനായി.

ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. 93 റണ്‍സ് നേടിയ ഓപ്പണര്‍ ജയ് ബിസ്റ്റയാണ് ഉത്തരാഖണ്ഡിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. അര്‍ദ്ധ സെഞ്ചുറിയുമായി ദിക്ഷാന്‍ഷു നേഗി (52) ബിസ്റ്റക്ക് മികച്ച പിന്തുണ നല്‍കി. കേരളത്തിനായി എംഡി നിധീഷ് മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 78 റണ്‍സെടുക്കുന്നതിനിടെ സഞ്ജു സാംസണ്‍, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്രുദീന്‍ എന്നീ മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായിരുന്നു. എന്നാല്‍ പരിചയസമ്പന്നനായി സച്ചിന്‍ ബേബി കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. 71 പന്തില്‍ സച്ചിന്‍ 83 റണ്‍സാണ് നേടിയത്. ഏഴ് ഫോറുകളും രണ്ട് സിക്സറുകളും താരത്തിന്റെ ഇന്നിങ്സില്‍ പിറന്നു.

ശക്തരായ മഹാരാഷ്ട്രയും മധ്യപ്രദേശുമടങ്ങിയ ഗ്രൂപ്പില്‍ നിന്നാണ് കേരളം ക്വാര്‍ട്ടറില്‍ എത്തിയരിക്കുന്നത്. മധ്യപ്രദേശിനോട് വഴങ്ങിയ തോല്‍വി മാറ്റി നിര്‍ത്തിയാല്‍ സര്‍വാധിപത്യം സ്ഥാപിക്കാന്‍ കേരളത്തിനായിട്ടുണ്ട്. 22 ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍.

കഴിഞ്ഞ സീസണിലും ക്വാര്‍ട്ടറില്‍ കടന്ന കേരളം കര്‍ണാടകയോട് തോല്‍വി വഴങ്ങിയാണ് പുറത്തായത്. 2012-13 സീസണില്‍ സെമി ഫൈനലിലെത്തിയതാണ് വിജയ് ഹസാരെ ചരിത്രത്തിലെ കേരളത്തിന്റെ മികച്ച പ്രകടനം.

Also Read: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളിൽ 42 പേർക്ക് കോവിഡ്; മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം മാറ്റിവെച്ചു

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Vijay hazare trophy 2021 kerala enter quarter finals

The moderation of comments is automated and not cleared manually by malayalam.indianexpress.com