മുംബൈ: അണ്ടർ-19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം ഇന്നലെ വൈകിട്ടോടെയാണ് ഇന്ത്യയിൽ എത്തിയത്. ബിസിസിഐയുടെ നേത്രത്വത്തിൽ പൃഥ്വി ഷായ്ക്കും കൂട്ടർക്കും ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. ലോകകപ്പ് നാട്ടിൽ എത്തിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും പൃഥ്വി ഷായെ തേടി അടുത്ത നിയോഗം എത്തിയിരിക്കുകയാണ്.

വിജയ് ഹസാര ട്രോഫിക്കായുളള മുംബൈ ടീമിൽ അടിയന്തരമായി എത്താനാണ് പൃഥ്വിക്ക് ലഭിച്ച പുതിയ നിർദ്ദേശം. ഫെബ്രുവരി 8ന് തമിഴ്നാടിന് എതിരെ നടക്കുന്ന മത്സരത്തിന് മുൻപായി ടീമിനൊപ്പം ചേരണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പൃഥ്വിക്ക് നിർദ്ദേശം നൽകി. താരം ഉടൻ ടീമിനൊപ്പം ചേരുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിച്ച പൃഥ്വി ഷാ 261 റൺസാണ് അടിച്ച് കൂട്ടിയത്. ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച പൃഥ്വി ഐസിസിയുടെ ലോക ഇലവനിലും ഇടംപിടിച്ചു. ഇത് നാലാം തവണയാണ് അണ്ടര്‍ 19 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്. ഇത്തവണ ഓസ്ട്രേലിയയ്ക്കെതിരെ മഞ്ചോത് കര്‍ലയുടെ സെഞ്ചുറിയുടെ മികവില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ കപ്പ് നേടിയത്. സ്‌കോര്‍: ഓസ്ട്രേലിയ 216-10 (47.2) ഇന്ത്യ 220-2 (38.5).

രഞ്ജിട്രോഫിയിൽ മുംബൈക്കായി നിർണ്ണായക പ്രകടനങ്ങളാണ് പൃഥ്വി കാഴ്ചവെച്ചത്. വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാൻ,ഗോവ, ആന്ദ്രപ്രദേശ് എന്നിവർക്കെതിരെയും മുംബൈക്ക് മത്സരങ്ങളുണ്ട്.

മുംബൈ ടീം – ആദിത്യ തരെ, ധവൽ കുൽക്കർണ്ണി, സൂര്യകുമാർ യാദവ്, സിദേഷ് ലഡ്, പൃഥ്വി ഷാ, അഖിൽ ഹെർദ്വാകർ, ജയ ബിസ്റ്റ, ശിവം ദൂബെ, ശനക് സിങ്, ഏകാന്ത് കെർകാർ, ആകാഷ് പാർകർ, ധ്രുമിൽ മറ്റ്കർ, റോയ്സ്റ്റൺ ഡയസ്, ഷംസ് മുലാനി, ശുഭം രജനെ, ശിവം മൽഹോത്ര .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ