വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടറിലെത്തിയത്. ഉത്തർപ്രദേശും കേരളത്തിനൊപ്പം ക്വാർട്ടർ ഉറപ്പിച്ചു.
അഞ്ച് എലൈറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ഗുജറാത്തും ആന്ധ്രപ്രദേശും കർണാടകയും മുംബെെയും സൗരാഷ്ട്രയും ക്വാർട്ടറിലെത്തി.
ഗുജറാത്തിനെതിരെ ഇന്നലെ ബറോഡ തോറ്റതും രാജസ്ഥാനെതിരെ ഡൽഹിക്ക് മികച്ച റൺറേറ്റിൽ ജയിക്കാൻ കഴിയാത്തതുമാണ് കേരളത്തിന് തുണയായത്. രാജസ്ഥാൻ ഉയർത്തിയ 295 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഡൽഹിക്ക് 44.4 ഓവർ എടുക്കേണ്ടിവന്നത് നെറ്റ് റൺറേറ്റിൽ കേരളത്തിന് അനുകൂലമായി.
Read Also: രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിനു വിലക്ക്; ബോട്ട് യാത്ര റദ്ദാക്കി
ക്വാർട്ടറിലെ അവസാന സ്ഥാനത്തിനായി പ്ലേറ്റ് ഗ്രൂപ്പിൽ ഒന്നാമതെത്തിയ ഉത്തരാഖണ്ഡുമായി ഡൽഹി ഏറ്റുമുട്ടും. ഇതിലെ വിജയിയും ക്വാർട്ടറിൽ പ്രവേശിക്കും.
അതേസമയം, ക്വാർട്ടറിൽ കേരള നായകൻ സഞ്ജു സാംസൺ കളിക്കില്ല. പരുക്കിനെ തുടർന്നാണ് സഞ്ജുവിന് വിശ്രമം അനുവദിച്ചത്. ബേസിൽ തമ്പിയെ കേരള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓപ്പണർ റോബിൻ ഉത്തപ്പയുടെ മിന്നുന്ന ഫോമിലാണ് കേരളം പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.