ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിലെ കന്നി കിരീടം നേടിയ വിദർഭയ്ക്ക് ചരിത്രനേട്ടം. ഏഴു തവണ ചാംപ്യന്മാരായ ഡൽഹിയെയാണ് ഫൈനലിൽ 9 വിക്കറ്റിന് തോൽപ്പിച്ച് വിദർഭ ആദ്യ കിരീടം സ്വന്തമാക്കിയത്. രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ കളിക്കുന്നത് ഇതാദ്യമായാണ്.

വിദർഭയുടെ ഒന്നാം ഇന്നിങ്സ് 547 ന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സിൽ വിദർഭ 252 റൺസിന്റെ ലീഡ് നേടി. സെഞ്ചുറി നേടിയ വാഡ്കര്‍ (133), അര്‍ധസെഞ്ചുറികള്‍ നേടിയ ഫൈസ് ഫസല്‍ (67), വസീം ജാഫർ (78), ആദിത്യ സര്‍വാതെ (79), സിദ്ധേഷ് നെരാൽ (74) എന്നിവരുടെ ഇന്നിങ്‌സുകളാണ് വിദര്‍ഭയ്ക്ക് ലീഡ് നല്‍കിയത്.

ഡൽഹിയുടെ രണ്ടാം ഇന്നിങ്സ് 280 ൽ അവസാനിച്ചിരുന്നു. ധ്രുവ് ഷോറെ (62), നിതീഷ് റാണ (64) എന്നിവരുടെ അർധസെഞ്ചുറികളാണ് ഡൽഹിക്ക് രണ്ടാം ഇന്നിങ്സിൽ കുറച്ചെങ്കിലും കരുത്തായത്. ഗൗതം ഗംഭീർ 36 ഉം റിഷാഭ് 32 ഉം വികാസ് മിശ്ര 34 ഉം റൺസെടുത്തു.

വിദർഭയുടെ അക്ഷയ് വഖാരെയും ആദിത്യ സർവാതെയുമാണ് ഡൽഹിയുടെ നടുവൊടിച്ചത്. അക്ഷയ് 4 വിക്കറ്റും സർവാതെ 3 വിക്കറ്റും വീഴ്ത്തി. രജനീഷ് ഗുർബാനി 2 ഉം സിദ്ധേഷ് നെരാൽ ഒരു വിക്കറ്റും നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ