ഇന്ത്യയില്‍ കുട്ടിക്രിക്കറ്റിന്റെ പൂരത്തിന് തിരികൊളുത്താന്‍ ഇനി നാളുകള്‍ മാത്രമേ ബാക്കിയുള്ളൂ. ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് തന്നെ പരിശീലനത്തിലൂടെ കച്ചമുറുക്കുകയാണ് താരങ്ങളും ടീമുകളും. വരാനിരിക്കുന്നത് ഇതുവരെ കണ്ടതിനേക്കാള്‍ വലിയ പൂരമാണ്. കാരണം രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും മടങ്ങിയെത്തുന്നു. ടീമുകളെല്ലാം ഉടച്ചു വാര്‍ക്കപ്പെട്ടുവെന്നതും കാത്തിരിപ്പിന്റെ ആക്കം കൂട്ടുന്നതാണ്.

ഐപിഎല്ലിനായി പല താരങ്ങളും പരിശീലനം ആരംഭിച്ചു തുടങ്ങിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ഞക്കുപ്പായത്തില്‍ മടങ്ങിയെത്തുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും പരിശീലനത്തിന്റെ തിരക്കിലാണ്. ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയും ത്രിരാഷ്ട്ര ടൂര്‍ണമെന്റുമെല്ലാം നല്‍കിയ വിശ്രമം അവസാനിപ്പിച്ചാണ് ധോണി പരിശീലനത്തിനെത്തിയിരിക്കുന്നത്.

പരിശീലനത്തിനിടെ തങ്ങളുടെ ക്യാപ്റ്റന്‍ കൂളിനെ കാണാനെത്തുന്ന ചെന്നൈ ടീം ആരാധകരുമായി സമയം ചെലവിടാനും ധോണി ശ്രമിക്കുന്നുണ്ട്. തന്നെ കാണാനെത്തിയ കുഞ്ഞ് ആരാധകനുമായി കളിക്കുന്ന ധോണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ധോണിയെ കാണാനെത്തിയതായിരുന്നു കുഞ്ഞ് ആരാധകന്‍. കക്ഷിയുമായി കളിക്കുന്ന ധോണിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കളി ചിരികള്‍ക്കൊടുവില്‍ കുട്ടി ആരാധകന് ചെന്നൈ ടീമിന്റെ ജഴ്‌സി നല്‍കിയാണ് ധോണി യാത്രയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ധോണിയ്ക്ക് പുറമെ സുരേഷ് റെയ്‌ന, ബ്രാവോ, മുരളി വിജയ്, ഷെയ്ന്‍ വാട്‌സണ്‍, തുടങ്ങിയ താരങ്ങളും ചെന്നൈ ടീമിനൊപ്പം ചേര്‍ന്നെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ