സമകാലിക ഫുട്ബോളിനെ അടക്കി വാഴുന്ന താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇവർക്ക് പിന്നിൽ മൂന്നാമനായി നിൽക്കാനേ ബ്രസീലിയൻ താരം നെയ്മറിന് കഴിഞ്ഞിരുന്നുളളൂ. ഇവരുടെ​ നിഴലിൽ നിന്ന് പുറത്ത് വരാൻ വേണ്ടിയാണ് നെയ്മർ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കേറിയത്. ഫ്രഞ്ച് ലീഗിൽ ഏകപക്ഷീയമായ മുന്നേറ്റത്തോടെ നെയ്മറിന്റെ ചിറകിലേറി പിഎസ്ജി കുതിക്കുകയാണ്. ഇതിനിടെ നെയ്മറിന്റെ വ്യത്യസ്ഥമായൊരു ഗോൾ സെലിബ്രേഷനെപ്പറ്റി ചർച്ച ചെയ്യുകയാണ് ഫുട്ബോൾ ലോകം.

ഇന്നലെ ഫ്രഞ്ച് ലീഗ് കപ്പിലെ മൽസരത്തിനിടെയാണ് സംഭവം. അമിയൻ ക്ലബിനെതിരായ മൽസരത്തിനിടെ ഗോൾ നേടിയതിന് ശേഷമാണ് നെയ്മർ അപൂർവ്വമായ രീതിയിൽ ഗോൾനേട്ടം ആഘോഷിച്ചത്. തന്റെ ബൂട്ട് ഊരി തലയിൽവച്ച നെയ്മർ അത് താഴെ വീഴാതെ നിയന്ത്രിച്ചാണ് തന്റെ ഗോൾ നേട്ടം ആഘോഷിച്ചത്.

ഫുട്ബോൾ ലോകത്തെ ഇതുപോലെ നിയന്ത്രിക്കുമെന്ന് സന്ദേശം നൽകുന്ന ആഘോഷമാണ് നെയ്മർ നടത്തിയതെന്ന് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെട്ടു. എന്നാൽ പ്രമുഖ സ്പോട്സ് ഉത്പന്ന നിർമ്മാതാക്കളായ നൈക്കിന്റെ പരസ്യത്തിന് വേണ്ടിയാണ് നെയ്മർ ഇങ്ങനെ ചെയ്തതെന്ന് ചിലർ പറഞ്ഞു.

എന്തായാലും ഇത് സംബന്ധിച്ച് നവമാധ്യമങ്ങളിൽ ചർച്ച നടക്കുകയാണ്. ഫ്രീസ്റ്റൈൽ ഫുട്ബോൾ സ്ക്കില്ലിൽ മെസിക്കും റൊണാൾഡോയ്ക്കും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ നെയ്മറിന് കഴിയുമെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. അത്തരത്തിലുള്ളൊരു പ്രകടനമാണ് നെയ്മർ ഇന്നലെ കാഴ്ചവച്ചതെന്നും നെയ്മർ ഫാൻസ് അവകാശപ്പെടുന്നു.

മൽസരത്തിൽ പിഎസ്ജി അമിയൻ ക്ലബിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു. നെയ്മറിനെക്കൂടാതെ അഡ്രിയോൺ റാബിയോറ്റാണ് പിഎസ്ജിയുടെ ഗോൾ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ