കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ആകാംഷയുണര്‍ത്തുന്നതും വൈകാരികവുമായ ചില നിമിഷങ്ങളുണ്ടായി. കോമണ്‍വെല്‍ത്ത് ഹോക്കിയില്‍ മെഡല്‍ നേടിയ ഇന്ത്യയുടെ വനിതാ ടീമിനെ സ്വീകരിക്കുന്ന പുരുഷ താരങ്ങള്‍, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വനിത ക്രിക്കറ്റ് ഫൈനല്‍ രോഹിത് ശര്‍മയുടെ ഫോണില്‍ കാണുന്ന പുരുഷ ടീം അംഗങ്ങള്‍, ഇങ്ങനെ എന്നും ഓര്‍ക്കാന്‍ കഴിയുന്ന കുറച്ച് നിമിഷങ്ങള്‍.
വനിതാ ഹോക്കി താരങ്ങളെ സ്വാഗതം ചെയ്ത് പുരുഷ ടീം
16 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒരു മെഡല്‍ നേടിയത്. നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയായിരുന്നു ചരിത്ര നേട്ടം. മെഡല്‍ നേടിയതിന് ശേഷം ഗെയിംസ് വില്ലേജിലെത്തിയ വനിതാ താരങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണമായിരുന്നു പുരുഷ ടീം നല്‍കിയത്.
ആകാംഷയില്‍ രോഹിതും കൂട്ടരും
വനിത ക്രിക്കറ്റ് ഫൈനലില്‍ ആവേശകരമായ പോരാട്ടമായിരുന്നു ഇന്നലെ നടന്നത്. ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ പൊരുതി തോല്‍ക്കുകയായിരുന്നു. എന്നാല്‍ ഹര്‍മന്‍പ്രീത് കൗറിനും കൂട്ടര്‍ക്കും ഫ്ലോറിഡയില്‍ നിന്ന് കട്ട സപ്പോര്‍ട്ട് നല്‍കുകയായിരുന്നു ഇന്ത്യയുടെ പുരുഷ താരങ്ങള്‍. രോഹിത് ശര്‍മയുടെ ഫോണില്‍ മറ്റ് താരങ്ങളും ഫൈനല്‍ കാണുന്ന ചിത്രം ബിസിസിഐയാണ് പങ്കുവച്ചത്.
സര്‍വാധിപത്യത്തിന്റെ ആഘോഷം
വമ്പന്‍ ടൂര്‍ണമെന്റിലെ ആധിപത്യം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചിരിക്കുകയാണ് ഓസ്ട്രേലിയയുടെ വനിത ക്രിക്കറ്റ് ടീം. കലാശപ്പോരാട്ടത്തില്‍ ഒന്‍പത് റണ്‍സിന് ഇന്ത്യയെ കീഴ്പ്പെടുത്തിയായിരുന്നു കോമണ്‍വെല്‍ത്തിലെ സ്വര്‍ണ നേട്ടം. ആഘോഷങ്ങള്‍ക്കായി ടീം ബസ് തന്നെ താരങ്ങള്‍ തിരഞ്ഞെടുത്തു. പാട്ടും മേളവുമായി ലോകചാമ്പ്യന്മാര്‍ സ്വര്‍ണ നേട്ടം ആഘോഷിക്കുകയായിരുന്നു.
യാസ്തികയുടെ എന്‍ട്രി, പൊട്ടിച്ചിരിച്ച് ഇന്ത്യന്‍ ഡഗൗട്ട്
ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലില്‍ തനിയ ഭാട്ടിയയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ യാസ്തിക ഭാട്ടിയയായിരുന്നു. ബാറ്റ് ചെയ്യാന്‍ കളത്തിലേക്കിറങ്ങിയ യാസ്തിക പരസ്യബോര്‍ഡില്‍ തട്ടി വീണു. ഇത് കണ്ട് ഡഗൗട്ടിലുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം പൊട്ടിച്ചിരിച്ചു. മത്സരം അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിന്റെ എല്ലാ ടെന്‍ഷനും നിലനില്‍ക്കുന്നതിനിടെയിലായിരുന്നു സംഭവം. എന്നിരുന്നാലും ചിരിയടക്കാന്‍ താരങ്ങള്‍ക്കായില്ല.
നദീമിന്റെ സ്വപ്നസാക്ഷാത്കാരം
മീറ്റ് റെക്കോര്‍ഡോഡെയായിരുന്നു പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയത്. 90.18 മീറ്ററായിരുന്നു താരം എറിഞ്ഞത്. സ്വര്‍ണത്തിലേക്ക് നയിച്ച ശ്രമത്തിന് ശേഷം കളത്തില്‍ ആനന്ദക്കണ്ണീര്‍ പൊഴിക്കുന്ന നദീമിനെയാണ് കണ്ടത്. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ പാക്കിസ്ഥാന്റെ ആദ്യ സ്വര്‍ണമാണിത്.