കൃഷ്ണഗിരി:  രഞ്ജി സെമിഫൈനലിന്റെ ആദ്യ ദിനം 15 വിക്കറ്റുകൾ നിലംപതിച്ച മത്സരത്തിൽ രണ്ടാം ദിനം  സസ്പെൻസ് പ്രതീക്ഷ. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 106 റൺസ് പിന്തുടർന്ന വിദർഭയ്ക്ക് ഇപ്പോൾ 65 റൺസ് ലീഡുണ്ട്. എന്നാൽ ആദ്യ ദിനം കളി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഒരു റൺസ് നേടുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടത് വിദർഭയെ ഞെട്ടിച്ചിരിക്കുകയാണ്.

അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 171 റണ്‍സ് എന്ന നിലയിലാണ് ആതിഥേയർ. ആദിത്യ സർവതെ (പൂജ്യം), ഗണേഷ് സതീഷ് (പൂജ്യം) എന്നിവരാണ് ഇപ്പോൾ ക്രീസിൽ.  ഒരു വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിലായിരുന്നു വിദർഭ. ആദ്യ ദിനത്തിലെ അവസാന ഓവറുകളിലാണ് കേരളം മൽസരത്തിലേക്കു തിരിച്ചെത്തിയത്. ഇത് രണ്ടാം ദിനത്തിലും കേരളത്തിന് ആത്മവിശ്വാസം നൽകും.

ഓപ്പണറായി ഇറങ്ങിയ വിദർഭ ക്യാപ്റ്റൻ ഫായിസ് ഫസൽ, 13 ബൗണ്ടറികൾ സഹിതം 75 റൺസെടുത്താണ് പുറത്തായത്. സഞ്ജയ് രാമസ്വാമി (19), വസിം ജാഫർ (34), അഥർവ ടായ്ഡെ (23), രജനീഷ് ഗുർബാനി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. കേരളത്തിനായി എം.ഡി. നിധീഷ്, സന്ദീപ് വാരിയർ എന്നിവർ രണ്ടും ബേസിൽ തമ്പി ഒരു വിക്കറ്റും വീഴ്ത്തി.

വിക്കറ്റിൽ ഫസൽ – വസിം ജാവിദർഭയ്ക്ക് രണ്ടാം ഫർ സഖ്യത്തിന്റെ പോരാട്ടമാണ് ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്.  വസിം ജാഫറിനെ മടക്കി എംഡി നിതീഷ് ഈ കൂട്ടുകെട്ട് പൊളിച്ചെങ്കിലും അവസരം മുതലെടുക്കാൻ സാധിച്ചില്ല. മൂന്നാം വിക്കറ്റിൽ അഥർവ ടായ്ഡെക്ക് ഒപ്പം ഫസൽ വീണ്ടും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു.

സ്കോർ 170ൽ നിൽക്കെ ഫസലിനെ സന്ദീപ് വാരിയർ പുറത്താക്കിയത് വഴിത്തിരിവായി. ഒരു റൺ കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും നൈറ്റ് വാച്ച്മാനായെത്തിയ രജനീഷ് ഗുർബാനിയെ ബേസിൽ തമ്പി പുറത്താക്കി. പിന്നാലെ ഇതേ സ്കോറിൽ അഥർവ ടായ്ഡെയെയും സന്ദീപ് മടക്കിയതോടെ വിദർഭ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook