ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ചുകൊണ്ട് ഇന്ത്യ കഴിഞ്ഞ ഒരു പതിറ്റാണ്ടിന് ശേഷം ആദ്യ ടെസ്റ്റ് വിജയം കുറിച്ചിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിലെ അഡ്‍ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ 31 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. ഈ ദിവസങ്ങളിലൊന്നും തോൽവിയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല എന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി പറയുന്നത്.

“നേരത്തെ ഞങ്ങൾ പറഞ്ഞിരുന്നത് നന്നായി കളിച്ചു, എന്നാൽ പരാജയപ്പെട്ടു എന്നാണ്. അത് ഇനി ഞങ്ങൾ ആവർത്തിക്കില്ല. വിജയം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം, പ്രത്യേകിച്ച് ജയിക്കാൻ ഒരു അവസരമുണ്ടെങ്കിൽ ഞങ്ങൾ ജയിക്കുക തന്നെ ചെയ്യും,” വിരാട് കോഹ്‍ലി പറഞ്ഞു.

“ഒന്നുകിൽ കളി ജയിക്കും, അല്ലെങ്കിൽ സമനിലയിൽ അവസാനിക്കും എന്നൊരു മാനസികാവസ്ഥ ഞങ്ങൾ രൂപപ്പെടുത്തിയിരുന്നു. അവസാന ദിവസം മൈതാനത്തേക്ക് ഇറങ്ങിയപ്പോൾ മാത്രമാണ് ഞങ്ങൾ തോൽവിയെ കുറിച്ച് ചിന്തിക്കുന്നത്. ആ മാനസികാവസ്ഥ ഇനിയും നിലനിർത്താനാകും ഞങ്ങൾ ശ്രമിക്കുക,”കോഹ്‍ലി കൂട്ടിച്ചേർത്തു.

ഒരു വിജയം കൊണ്ട് സന്തോഷവാനല്ല താനെന്നും കോഹ്‍ലി പറഞ്ഞു. ഇതൊരു തുടക്കം മാത്രമായാണ് കണക്കാക്കുന്നത്. ഓസ്ട്രേലിയയെ നിസ്സാരരായി കാണുന്നില്ല. റാങ്കിങ്ങിൽ ആദ്യ മൂന്നിൽ ഉള്ള ടീം തന്നെയാണ് ഓസ്ട്രേലിയയെന്നും അതുകൊണ്ട് തന്നെ അവരിൽ നിന്ന് മികച്ച പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കോഹ്‍ലി പറഞ്ഞു.

അഡ്‍ലെയ്ഡിൽ 323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 291 റൺസിന് പുറത്തായിരുന്നു. നാലാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 104 റൺസെടുത്ത ഓസീസ് പട അഞ്ചാം ദിനത്തിൽ പൊരുതിയെങ്കിലും ജയം നേടാനായില്ല. വാലറ്റനിര ചെറുത്തുനിന്നുവെങ്കിലും ഇന്ത്യൻ ബോളർമാർ വിക്കറ്റുകൾ എറിഞ്ഞിട്ടു. ബുംമ്രയും ഷമിയും അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യയെ ജയത്തിലേക്കെത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook